ലക്ഷ്യം സുധാകരന്‍, മോന്‍സന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ വിഷയത്തില്‍ ചാനലുകളിലെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി. മോന്‍സന്‍ വിവാദത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനെ ലക്ഷ്യം വച്ച് ആരോപണങ്ങള്‍ വരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു. തനിക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും, മോന്‍സന്‍ മാവുങ്കലിനെ പരിചയമില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് താന്‍ തന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍, കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഉത്തരവാദിയല്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. മോന്‍സണുമായി സുധാകരന് അവിഹിതവും അന്യായമായ ബന്ധവുമുണ്ട്. മോന്‍സണ്‍ വ്യാജഡോക്ടറാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് കെ സുധാകരന്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നും എം വി ജയരാജന്‍ ചോദിച്ചു.

മോന്‍സനെ സുധാകരന് വ്യക്തിപരമായി അറിയാം. മോന്‍സന്റെ വീട്ടില്‍ സുധാകരന്‍ പോകുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ വെട്ടിപ്പിന് താന്‍ ഉത്തരാവാദിയല്ല എന്ന വാദം ഇപ്പോഴും സുധാകരന്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചര്‍മബലം കാണ്ടാമൃഗത്തെക്കാള്‍ വലുതായിരിക്കണമെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു.

Top