ദില്ലി: പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശ് ഘടകത്തിനൊപ്പം ദേശീയ നേതാക്കളും ക്ഷേത്രത്തിലെത്തി. അതേസമയം, ശങ്കരാചാര്യന്മാരുടെ വിമര്‍ശനം തുടരുന്നതിനിടെ പ്രതിഷ്ഠ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ക്ഷേത്ര ശ്രീകോവിലിലുണ്ടാകുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് സംഘം അയോധ്യയിലെത്തിയത്. ജയ്ശ്രീറാം വിളികളുമായി സരയു നദിയില്‍ സ്നാനം നടത്തിയശേഷമായിരുന്നു ക്ഷേത്ര ദര്‍ശനം. ദീപേന്ദര്‍ ഹൂഡ എംപി, പിസിസി അധ്യക്ഷന്‍ അജയ് റായ്, ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ തുടങ്ങിയവര്‍ സരയുവില്‍ മുങ്ങി. തുടര്‍ന്ന് ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് രാമക്ഷേത്രത്തിലെത്തിയത്.
ആയിരത്തോളം പേരടങ്ങുന്ന സംഘമാണ് അയോധ്യയിലെത്തിയത്. മകരസംക്രാന്തി ദിനത്തില്‍ ശ്രീരാമന്റെ അനുഗ്രഹം തേടിയാണ് വന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു. പ്രതിഷ്ഠാ ദിനത്തെ ബിജെപി രാഷ്ട്രീയ ചടങ്ങാക്കുന്നുവെന്നോരോപിച്ച് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്താനാണ് തീരുമാനം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ നേതാക്കളും വൈകാതെ ക്ഷേത്രത്തിലെത്തും. ന്യായ് യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തിനിടെ രാഹുല്‍ ഗാന്ധിയും ക്ഷേത്രത്തിലെത്തിയേക്കും.
ഇതിനിടെ, രാമക്ഷേത്രത്തിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം കയ്യേറ്റം ചെയ്തു. കൊടി പിടിച്ചുവാങ്ങി നിലത്തിട്ട് ചവിട്ടി. 22ന് 12.20നാണ് രാമവിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠാ സമയത്ത് പ്രധാനമന്ത്രി ശ്രീകോവിലിലുണ്ടാകുമെന്നും ചടങ്ങുകളുടെ ഭാഗമാകുമെന്നും ക്ഷേത്ര് ട്രസ്റ്റ് അറിയിച്ചു. 121 ആചാര്യന്മാര്‍ പങ്കെടുക്കുന്ന ചടങ്ങിന് വാരാണസിയില്‍ നിന്നുള്ള ലക്ഷ്മികാന്ത് ദീക്ഷിത് നേതൃത്വം നല്‍കും. 200 കിലോ വരെ ഭാരം വരുന്ന വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.