യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധം ശക്തമാവുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും മാറ്റിയിട്ടും യു.ഡി.എഫ് കണ്‍വീനറെ മാറ്റാത്തതാണ് പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. യു.ഡി.എഫിന്റെ തോല്‍വിയില്‍ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ പോലെ തന്നെ എം.എം ഹസ്സനും വലിയ പങ്കാണ് ഉള്ളതെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.
ജമാഅത്തെ ഇസ്ലാമി അമീറിനെ വീട്ടില്‍ പോയ കണ്ടതും എം.എം ഹസ്സനാണ്. ഇതും കോണ്‍ഗ്രസ്സ് വോട്ട് ബാങ്കിനെ ശരിക്കും ബാധിച്ചിട്ടുണ്ട്. ഹസ്സനെ പോലെയുള്ള നേതാവിനെ ഇനിയും ഒഴിവാക്കിയില്ലങ്കില്‍ ഒരു മാറ്റം കൊണ്ടും കാര്യമില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇതു ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കെ.മുരളീധരന്റെ പേരാണ് പകരം നിര്‍ദ്ദേശിക്കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനറായി കെ മുരളീധരനെ നിയമിക്കണമെന്ന അഭിപ്രായം തന്നെയാണ് രാഹുല്‍ ഗാന്ധിക്കുമുള്ളത്. എന്നാല്‍ മുരളീ വിരുദ്ധര്‍ ഡല്‍ഹിയില്‍ ഇടപെട്ട് ഈ നീക്കത്തിന് ഇപ്പോള്‍ തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
എം.എം ഹസ്സന്‍ തുടരട്ടെ എന്ന നിലപാടാണ് എ.കെ ആന്റണിയും സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും മുരളീ പേടിയില്‍ തന്നെയാണുള്ളത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ മുരളി യു.ഡി.എഫ് കണ്‍വീനറായാല്‍ അദ്ദേഹം കൂടുതല്‍ കരുത്താര്‍ജജിക്കുമെന്നാണ് ഇരുവരും ഭയപ്പെടുന്നത്. യു.ഡി.എഫ് അണികളില്‍ സുധാകരനേക്കാള്‍ സ്വീകാര്യതയും മുരളീധരന് തന്നെയാണ്. ഇത് ചെന്നിത്തലയുടെയും ഉറക്കം കെടുത്തുന്നതാണ്. അദ്ദേഹവും മുരളി യു.ഡി.എഫ് കണ്‍വീനറാകുന്നതിന് എതിരാണ്. അതേസമയം ഇക്കാര്യത്തില്‍ തന്ത്രപരമായ സമീപനമാണ് മുരളി സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ യു.ഡി.എഫ് കണ്‍വീനറാകാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നില്ല. അതിനു പ്രധാന കാരണം നിലവിലെ രാഷ്ട്രീയ സാഹചര്യം തന്നെയാണ്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് മുരളീധരന്‍ കണക്കു കൂട്ടുന്നത്. നിലവിലെ ഒരു സീറ്റ് 15 സീറ്റുവരെയായി വര്‍ദ്ധിപ്പിക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞേക്കും അങ്ങനെ വന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടിയിലും മുന്നണിയിലും മാറ്റങ്ങള്‍ വരും. അത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കടിഞ്ഞാണ്‍ ഏറ്റെടുക്കാം എന്നതാണ് മുരളിയുടെ കണക്കു കൂട്ടല്‍. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തിനായി അദ്ദേഹം വാശിപ്പിടിക്കാത്തതും അതു കൊണ്ടാണ്.
മികച്ച പ്രകടനം ഇനിയും കോണ്‍ഗ്രസ്സിന് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കെ.സുധാകരന്റെയും വി.ഡി സതീശന്റെയും കസേരകളാണ് തെറിക്കുക. ഇക്കാര്യം രാഹുല്‍ ഗാന്ധി തന്നെ നേതാക്കളോട് തുറന്നു പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യാനുള്ള സുധാകരന്റെ നീക്കവും പാളിയിട്ടുണ്ട്. പൊതു സമൂഹത്തില്‍ ഒരു വില്ലന്‍ പരിവേഷമാണ് ഇതോടെ സുധാകരന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സുകാരെ ആവേശത്തിലാക്കാം എന്നതല്ലാതെ ഈ ശൈലി കൊണ്ട് ഒരു ഗുണവും കോണ്‍ഗ്രസ്സിനോ യു.ഡി.എഫിനൊ ലഭിക്കുകയില്ല. തകര്‍ന്നിരിക്കുന്നത് യു.ഡി.എഫ് കോട്ടകളാണ്. അകന്നതാകട്ടെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന വിഭാഗങ്ങളുമാണ്.
ഇത് തിരിച്ചു പിടിക്കാന്‍ ജനകീയ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. അതിന് ആദ്യം വേണ്ടത് സംഘടനാപരമായ അടിത്തറയാണ്. നിര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ കോണ്‍ഗ്രസ്സിനില്ല. സുധാകരന്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നല്ല അത്. ഒറ്റക്കെട്ടായി സാധാരണ പ്രവര്‍ത്തകന്‍ മുതല്‍ ഹൈക്കമാന്റ് വരെ കനിയണം. ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കളും ഇന്നും ശാപമായ പാര്‍ട്ടിയില്‍ അതൊന്നും നടപ്പുള്ള കാര്യമല്ല. മുന്നണി എന്ന രൂപത്തിലും യു.ഡി.എഫ് വലിയ പരാജയമാണ്. കോണ്‍ഗ്രസ്സും ലീഗും കഴിഞ്ഞാല്‍ സ്വാധീനമുള്ള മറ്റൊരു പാര്‍ട്ടിയും ആ മുന്നണിയിലില്ല. ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പും ഇന്നു വെറും പടം മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു ചലനം സൃഷ്ടിക്കാനും ഈ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ജോസ്.കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെ ആ മുന്നണി കൂടുതല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. സി.പി.എമ്മിന്റെ ജനകീയ അടിത്തറയും കൂടുതല്‍ ശക്തമായിരിക്കുകയാണ്. മുസ്ലീം ക്രൈസ്തവ മേഖലകളില്‍ പോലും വലിയ മുന്നേറ്റമാണ് സി.പി.എം നടത്തിയിരിക്കുന്നത്. ഇനി ഒരു തിരഞ്ഞെടുപ്പ് എപ്പോള്‍ വന്നാലും അതിനെ നേരിടാന്‍ സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണുള്ളത്. യു.ഡി.എഫിനെ സംബന്ധിച്ച് ഇല്ലാത്തതും അതു തന്നെയാണ്. അവര്‍ ഈ വലിയ തോല്‍വിയിലും ,ഗ്രൂപ്പ് കളിക്കാനും പാര്‍ട്ടിയിലെ എതിരാളികളെ വെട്ടിനിരത്താനുമാണ് ശ്രമിക്കുന്നത്. മുരളീധരനെതിരായ നീക്കവും ഇതിന്റെ ഭാഗമാണ്. ലീഡറുടെ മകനെ പേടിക്കുന്നവരാണ് ഇപ്പോള്‍ പിണറായിക്കൊത്ത എതിരാളിയാണെന്ന് സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പരിഹാസ്യമായ നിലപാടിണിത്.