ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പു നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴും അഭിപ്രായ ഐക്യത്തിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള അണിയറനീക്കങ്ങൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. പുതിയ പ്രസിഡന്റിനെ സമവായത്തിലൂടെ കണ്ടെത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടുന്നത്. തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾ കൂടി വൈകാനാണു സാധ്യത.
പ്രസിഡന്റിന്റെ കാര്യത്തിൽ സമവായമുണ്ടാക്കുന്നതിന്റെ ആദ്യപടിയായാണ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വസതിയിൽ അടുത്തിടെ യോഗം ചേർന്നത്. വിമതനേതാക്കളെ അനുനയിപ്പിക്കാൻ സോണിയയ്ക്കു സാധിച്ചെങ്കിലും ജനാധിപത്യരീതിയിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന അഭിപ്രായം വിമതർക്കിടയിൽ ശക്തമാണ്.പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ചു രാഹുൽ ഗാന്ധി ഇനിയും പൂർണസമ്മതമറിയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.