ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ്, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍, നിയമസഭ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 6,200 കിലോമീറ്ററില്‍ ബസില്‍ ആയിരിക്കും യാത്രയെന്നാണ് വിവരം. ചിലയിടങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഇന്‍ഡ്യ സഖ്യമില്ലാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും. ഇന്‍ഡ്യ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ എടുക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. ഈ മാസം 14 നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്.