കാവേരി പ്രതിഷേധത്തിൽ അന്തംവിട്ട് കോൺഗ്രസ്സ് നേതൃത്വം, കർണ്ണാടകയിലെ പ്രതീക്ഷകൾക്ക് വമ്പൻ തിരിച്ചടി

ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടക ഇത്തവണയും ബി.ജെ.പി തന്നെ തൂത്തുവാരും. കാവേരി പ്രശ്നത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ എടുത്ത തീരുമാനമാണ് ജനവികാരം കോൺഗ്രസ്സിനു എതിരെ തിരിച്ചിരിക്കുന്നത്. തമിഴ്‌നാടിന് കാവേരി ജലം വീണ്ടും വിട്ടുകൊടുത്ത കര്‍ണാടക സര്‍ക്കാരിനെതിരെ ആദ്യം പോർമുഖം തുറന്നിരിക്കുന്നത് കർഷക സംഘടനകളാണ്. അവർ പ്രഖ്യാപിച്ച ബന്ദിലും വലിയ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയും ജനതാദള്‍ എസും ആംആദ്മി പാര്‍ട്ടിയും എല്ലാം ഈ ബന്ദിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പു വരെ പ്രക്ഷോഭം കടുപ്പിക്കാനാണ് ബി.ജെ.പിയും ഇപ്പോൾ അവരുടെ ഘടകകക്ഷിയായ ജനതാദൾ എസും തീരുമാനിച്ചിരിക്കുന്നത്. പണി പാളിയെന്നു വ്യക്തമായതോടെ പൊലീസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ തടയില്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും രംഗത്തെത്തിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരെ തണുപ്പിക്കാൻ അതുകൊണ്ടൊന്നും സാധിച്ചിട്ടില്ല.

ഇതിനിടെ, കാവേരി അണക്കെട്ടുകളിലെ കരുതല്‍ ജലസ്ഥിതി പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര ജല മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുണ്ട്. ഈ കത്തിനോട് അനുകൂലമായാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചിരിക്കുന്നത്. ഇക്കുറി കാലവര്‍ഷം മോശമായതിനാല്‍ കാവേരിയിലെ 4 അണക്കെട്ടുകളിലും ജലം കുറവാണ്. കര്‍ണാടകയുടെ ജലസേചന, ശുദ്ധജല ആവശ്യങ്ങള്‍ക്കായി 112 ടിഎംസി ജലം ആവശ്യമായ സ്ഥാനത്ത് 51 ടിഎംസി ജലമാണ് നിലവില്‍ അണക്കെട്ടുകളിലുള്ളത്. അതുകൊണ്ടു തന്നെ കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള ജലം പങ്കിടുന്നതിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നതാണ് ദേവെഗൗഡയുടെ ആവശ്യം.

2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ ഒറ്റ സീറ്റിൽ ഒതുക്കിയാണ് കർണ്ണാടക ബി.ജെ.പി തൂത്തുവാരിയിരുന്നത്. കർണ്ണാടക ഭരണം കോൺഗ്രസ്സ് തിരിച്ചു പിടിച്ച സാഹചര്യത്തിൽ ഈ വിജയം ആവർത്തിക്കാൻ ബി.ജെ.പിക്ക് കഴിയില്ലന്ന് ഉറപ്പായിരിക്കെയാണ് അപ്രതീക്ഷിതമായി കാവേരി വിഷയം ബി.ജെ.പിക്ക് വീണുകിട്ടിയിരിക്കുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പരമാവധി ഒരു സീറ്റുമാത്രമാണ് തമിഴ് നാട്ടിൽ നിന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നത്. എന്നാൽ കന്നട വികാരത്തിനൊപ്പം നിന്നാൽ ആ സംസ്ഥാനം തന്നെ തൂത്ത് വരാൻ അവർക്കു കഴിയും ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് ബി.ജെ.പി കർണ്ണാടക ഘടകം പ്രതിഷേധം കടുപ്പിക്കുന്നത്.

കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തമിഴ്‌നാടിനു വെള്ളം വിട്ടുകൊടുക്കാൻ കര്‍ണാടക സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ലോകസഭ തിരഞ്ഞെടുപ്പ് കഴിയും വരെ ഈ തീരുമാനം മാറ്റിവയ്ക്കാമായിരുന്നു എന്ന അഭിപ്രായം ഇപ്പോൾ കോൺഗ്രസ്സ് നേതാക്കൾക്കിടയിലുമുണ്ട്. കർണ്ണാടകയിൽ നിന്നും ആകെയുള്ള 28 – സീറ്റുകളിൽ, 20 സീറ്റുകളിലും വിജയം ഉറപ്പ് പറഞ്ഞ കോൺഗ്രസ്സ് നേതാക്കൾ മാറിയ രാഷ്ട്രീയ സാഹചര്യം കണ്ടിപ്പോൾ പകച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ്സ് പ്രതീക്ഷ പുലർത്തിയ സംസ്ഥാനമാണ് അവരെ കൈവിട്ട് പോകാൻ പോകുന്നത്.

കേരളത്തിലാകട്ടെ കഴിഞ്ഞ തവണ നേടിയ 19 സീറ്റിൽ പകുതി പോലും നേടാനും ഇത്തവണ കഴിയുകയില്ല. ആന്ധ്രയിലെയും തെലങ്കാനയിലെയും അവസ്ഥയും ഏറെ പരിതാപകരമാണ്. ഇവിടങ്ങളിൽ നിന്നും ഒറ്റ സീറ്റു പോലും ലഭിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യതയില്ല. തമിഴ്നാട്ടിലാവട്ടെ വലിയ ശക്തിയില്ലാത്തതിനാൽ ഡി.എം.കെ വിട്ടു നൽകുന്ന ഏതാനും സീറ്റുകളിൽ മാത്രമാണ് സഖ്യകക്ഷി എന്ന നിലയിൽ കോൺഗ്രസ്സിനു വിജയ സാധ്യതയുള്ളത്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്. ഈ കണക്കുകൾ വച്ച് മുന്നോട്ടു പോയാൽ ഒരിക്കലും ദേശീയ തലത്തിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസ്സിനു കഴിയുകയില്ല. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top