ലക്‌നൗ: വീണ്ടും വിവാദ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലീം ലീഗുമായും അസമില്‍ എഐയുഡിഎഫുമായും ഉള്ള സഖ്യം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാണെന്നും ആദിത്യനാഥ് ആരോപിച്ചു.
കഴിഞ്ഞ ദിവസം രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മുസ്ലീം ലീഗിനെതിരെ ആരോപണവുമായി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും അത് കോണ്‍ഗ്രസ്സിനെ ബാധിച്ചിരിക്കുകയാണെന്നും, രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചാല്‍ അത് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററിലൂടെ പ്രസ്താവിക്കുകയായിരുന്നു.
ഇതിനെതിരെ മുസ്ലീം ലീഗ് നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.