2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുക 250 സീറ്റുകളില്‍ മാത്രം

modi_rahul

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ 250 സീറ്റുകളില്‍ മാത്രം മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏത് വിധേനയും നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നേതൃതലത്തില്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

2 നോമിനേറ്റഡ് സീറ്റുകള്‍ അടക്കം 545 സീറ്റുകളാണ് ആകെ ലോക്‌സഭയിലുള്ളത്.

ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഏതെല്ലാം പാര്‍ട്ടികളെ കൂടെ നിര്‍ത്തണം, അതിനായി എത്ര സീറ്റുകള്‍ വരെ അവര്‍ക്ക് വിട്ടു കൊടുക്കാം തുടങ്ങിയ ചര്‍ച്ചകള്‍ പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട്. മഹാസഖ്യം ഉണ്ടാക്കി ബിജെപിക്കു കിട്ടുന്ന സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന തന്ത്രം.

ബിഹാറില്‍ ആര്‍ജെഡിയുമായും, ഉത്തര്‍ പ്രദേശില്‍ ബിഎസ്പിഎസ്പി സഖ്യത്തിനൊപ്പവും തമിഴ് നാട്ടില്‍ ഡിഎംകെയുടെ ഒപ്പവും കര്‍ണാടകയില്‍ ജെഡിഎസിനൊപ്പവും കോണ്‍ഗ്രസ് മത്സരിക്കും.

പ്രാദേശിക കക്ഷികളുടെ മേല്‍ക്കൈ അംഗീകരിച്ച് അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു കൊടുക്കുകയും ദേശീയതലത്തില്‍ വലിയ കക്ഷിയെന്ന മേല്‍ക്കൈ നേടിയെടുക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

Top