‘ഇഡി റെയ്ഡ് ബിജെപി സീറ്റ് നിരസിച്ചതോടെ’; ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ അംബ പ്രസാദ്

റാഞ്ചി: ബിജെപി ഓഫര്‍ ചെയ്ത ലോക്സഭാ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ അംബ പ്രസാദ്. ഹിസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും അംബ പ്രസാദ് പ്രതികരിച്ചു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് റെയ്ഡ്.

”വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹസാരിബാഗില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അതിരാവിലെ തന്നെ ഇഡി സംഘമെത്തി. ഒരു ദിവസം മുഴുവന്‍ മാനസിക പീഡനമായിരുന്നു. അവര്‍ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് തന്നെ നിര്‍ത്തി. ഛത്രയില്‍ നിന്ന് മത്സരിക്കാന്‍ ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു”-കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു.

”ഞാന്‍ ഈ ഓഫറും നിരസിച്ചു. ഹസാരിബാഗിലെ ശക്തമായ സ്ഥാനാര്‍ത്ഥിയാണെന്ന് ഞാന്‍ എന്ന് ബിജെപിക്ക് അറിയാം. കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിക്കുന്ന സീറ്റാണ് ബര്‍കഗാവ്. ഞാന്‍ കോണ്‍ഗ്രസുകാരിയാണ്. അതിനാലാണ് വേട്ടയാടപ്പെടുന്നത്”-അംബ പ്രസാദ് കൂട്ടിച്ചേര്‍ത്തു.രാത്രി വരെ നീളുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഇഡി റെയ്ഡ്. റാഞ്ചിയിലെ വസതിയില്‍ അടക്കം ഹസീരാബാഗില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളില്‍ റെയ്ഡ് നടന്നു. 2023 ലാണ് റെയ്ഡിന് ആസ്പദമായ പരാതി ലഭിച്ചത്.

Top