ബംഗളൂരു: ബംഗളൂരുവിലെ റിസോട്ടില്‍ കഴിയുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച മടങ്ങിപ്പോകും.
42 എംഎല്‍എമാരില്‍ 10 പേരടങ്ങുന്ന സംഘമാണ് ആദ്യം മടങ്ങുന്നത്. ഇവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തും. പിന്നാലെ ബാക്കിയുള്ള എംഎല്‍എമാരും അഹമ്മദാബാദിലേക്ക് മടങ്ങും.
ചൊവ്വാഴ്ചയാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ജൂലൈ 29നാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് ബംഗളൂരുവിലേക്ക് കൊണ്ടുവന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ച് രാജിവയ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
കഴിഞ്ഞ മാസം മുതിര്‍ന്ന നേതാവ് ശങ്കര്‍സിംഗ് വഗേലയുള്‍പ്പെടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. ഇതില്‍ മൂന്നു പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്റെ നില അപകടത്തിലാക്കാന്‍ സാധിക്കും.