100 കോടിക്ക് വയനാട് ചുരം ബദല്‍ പാത ഒരുക്കുന്നതിന് എന്താണ് കുഴപ്പം; സര്‍ക്കാരിനെതിരെ കെ മുരളീധരന്‍

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. വയനാട് ചുരത്തിലെ ഗതാഗത കുരുക്കിലാണ് വിമര്‍ശനം. മൈക്കിലെ തള്ള് അല്ലാതെ ഫയല്‍ ഒന്ന് തള്ളിയാല്‍ നല്ലതാകുമെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. സില്‍വര്‍ ലൈനിന് 64000 കോടി എന്ന് സര്‍ക്കാര്‍ പറയുന്നു. 100 കോടിക്ക് ചുരം ബദല്‍ പാത ഒരുക്കുന്നതിന് എന്താണ് കുഴപ്പം. മെഡിക്കല്‍ കോളേജ് പൂര്‍ത്തീകരിച്ചെങ്കില്‍ ചുരത്തില്‍ ജീവനുകള്‍ പൊലിയുന്നത് ഒഴിവാക്കാമായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.

വനം വകുപ്പിന്റെ തടസവാദങ്ങള്‍ മൂലം ബദല്‍ പാതയ്ക്കായുള്ള തറക്കല്ല് മാത്രമായി. ബദല്‍ പതയ്ക്കായുള്ള കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ല. ബദല്‍ റോഡിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാരിനുണ്ട്. ബദല്‍ റോഡ് യഥാര്‍ഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

50 ഏക്കര്‍ കയ്യില്‍ കിട്ടിയിട്ടും പിണറായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍ത്തിവച്ചു. ഏതൊക്കെ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടോ അതൊക്കെ നടപ്പിലാക്കണം. കേന്ദ്രത്തിന്റെ എന്ത് അനുമതിക്കും പരിഹാരത്തിനായി വരാം. കൊവിഡ് കാലം മുതല്‍ എംപിമാര്‍ മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. എല്ലാം ഓഫ് ലൈന്‍ ആക്കിയിട്ടും എംപിമാരെ കാണുന്നത് ഓണ്‍ലൈനില്‍ മാത്രമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Top