കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. 2011ല്‍ 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കേന്ദ്ര ഏജന്‍സി ചിദംബരത്തിന് സമന്‍സ് അയച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് എംപി ഇഡിയെ അറിയിച്ചതായാണ് സൂചന.

സമയബന്ധിതമായി പ്രൊജക്റ്റ് പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ക്ക് വീഴ്ചപറ്റിയതിനെ തുടര്‍ന്ന് 263 ചൈനീസ് തൊഴിലാളികള്‍ക്ക് വീണ്ടും പ്രോജക്ട് വിസ അനുവദിക്കാന്‍ ഒരു ടിഎസ്പിഎല്‍ എക്‌സിക്യൂട്ടീവ് 50 ലക്ഷം രൂപ കാര്‍ത്തി ചിദംബരത്തിന് കൈമാറി എന്നാണ് കേസ്. ഈ ആരോപണം അദ്ദേഹം തള്ളി. കേസ് വ്യാജമാണെന്നും നിയമപരമായി നേരിടുമെന്നും കാര്‍ത്തി ചിദംബരം പ്രതികരിച്ചു. ‘മൂന്ന് തരം കേസുകളാണ് എന്റെ മേല്‍ ചുമത്തിയിരിക്കുന്നത് – വ്യാജം, കൂടുതല്‍ വ്യാജം, അത്യന്തം വ്യാജം’- ചിദംബരം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേദാന്ത ഗ്രൂപ്പ് കമ്പനിയായ തല്‍വണ്ടി സാബോ പവര്‍ ലിമിറ്റഡിന്റെ ഒരു ഉയര്‍ന്ന എക്സിക്യൂട്ടീവില്‍ നിന്ന് കാര്‍ത്തിക്കും അദ്ദേഹത്തിന്റെ അടുത്ത അനുയായി എസ് ഭാസ്‌കരരാമനും 50 ലക്ഷം രൂപ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് 2022ലെ ഇഡി കേസ്. പവര്‍ പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് ഒരു ചൈനീസ് കമ്പനി ആയിരിന്നു.

 

Top