തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിനിടെ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത മ്യൂസിയം കനകനഗര്‍ സ്വദേശി അശോകനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
കല്ലേറില്‍ മുഖത്ത് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ എം.പി ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. അശോകനും ഭാര്യ ഗീതയും സമര്‍പ്പിച്ച പരാതിയില്‍ എം.പിക്കും ബന്ധുവായ ഷീലയ്ക്കുമെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തതായി സി.ഐ അറിയിച്ചു.
അശോകനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും ആക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
മ്യൂസിയം കനകനഗര്‍ സി 36ലെ താമസക്കാരിയും കൊടിക്കുന്നില്‍ സുരേഷിന്റെ അടുത്ത ബന്ധുവുമായ ഷീലയും അയല്‍വാസിയും സി.പി.എം അനുഭാവിയുമായ ഗീതയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനിടെയാണ് കല്ലേറും അക്രമ സംഭവങ്ങളുമുണ്ടായത്. റോഡില്‍വച്ച് ഗീതയും കുടുംബവുമായി കൊടിക്കുന്നില്‍ സുരേഷും കൂടെയുണ്ടായിരുന്നവരും സംസാരിക്കുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്.