കോണ്‍ഗ്രസ് രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ഇറ്റലിയിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് കോണ്‍ഗ്രസിന് താല്‍പര്യം എന്ന വിമര്‍ശനവുമായ് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പാര്‍ട്ടിക്ക് ചിന്തയില്ലെന്നും സ്വതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള ഈ നടപടിയോട് യോജിക്കാനാവില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതോടെ ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. സെലക്ട് കമ്മിറ്റിയ്ക്ക് കൊടുത്ത് ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് ശ്രമമെന്നും വിഷയം ആവശ്യത്തിലധികം രാജ്യം ചര്‍ച്ച ചെയ്തുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

Top