തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തര്‍ക്കം തുടരുന്നു. നാല് സീറ്റുകളില്‍ തര്‍ക്കം രൂക്ഷമാണ്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കായി എ,ഐ ഗ്രൂപ്പുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് ആവശ്യം ഉന്നയിച്ചതോടെ ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുക്കാനായില്ല.
വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഷാനിമോള്‍ ഉസ്മാന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടു. ഇതിനിടെ കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദും വിവി പ്രകാശും വയനാടിനായി രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയെ വയനാട്ടില്‍ മല്‍സരിപ്പിക്കുന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ 12 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിറ്റിംഗ് എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവര്‍ മത്സരരംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്നാണ് അവസാനംവരെയുള്ള വാര്‍ത്തകളെങ്കിലും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്നലെ ആകെ 27പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തോടൊപ്പം ഉത്തര്‍പ്രദേശ്,ഛത്തിസ്ഗഡ്,അരുണാചല്‍ പ്രദേശ്, കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.