മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ ഭാരത്ബന്ദ് ഒറ്റയ്ക്ക് വിജയിപ്പിക്കാനായില്ലെന്ന് ശിവസേന. തങ്ങളുടെ സഹായമില്ലാതെ കോണ്‍ഗ്രസിന് ഒറ്റക്ക് ഒന്നും സാധിക്കില്ലെന്നാണ് ശിവസേനയുടെ അവകാശവാദം.
പല്‍ഗാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശിവസേനയെ പിന്തുണച്ചില്ല. മറ്റ് പാര്‍ട്ടികളും സമാനമായ രീതിയിലാണ് അന്ന് പ്രവര്‍ത്തിച്ചത്. അന്ന് ബിജെപിയാണ് വിജയിച്ചത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശിവസേന സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌ന വ്യക്തമാക്കുന്നു. ഭന്താര ഗോണ്ടിയയില്‍ സംഭവിച്ചത് കൂട്ടുകെട്ടിന്റെ വിജയമായിരുന്നു എന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു.
ഭാരത്ബന്ദ് ജനങ്ങളുടെ പ്രതികരണമാണെന്നും അത് വിജയിക്കുന്നതില്‍ സന്തോഷമാണെന്നും സേന പറയുന്നു. അതേസമയം, ശിവസേനയുടെ അവസരവാദ നിലപാട് തെറ്റാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുടെ അദ്ധ്യക്ഷന്‍ രാജ് താക്കറെ ശിവസേനയെ നായയോട് ഉപമിച്ചിരുന്നു. ഭാരത് ബന്ദ് വന്‍ പരാജയമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.