കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ തീരുമാനം:യോഗം ശനിയാഴ്ച്ച

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആഗസ്റ്റ് 10ന് 11മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് ചേരും.യോഗത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന്‌ രണ്ട് മാസം പിന്നിട്ടിട്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളുണ്ടാകാത്തത്‌ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ നേതാക്കളില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധം പരസ്യമായി അറിയിച്ച് രംഗത്തെത്തിയതോടെയാണ് ഉടന്‍ പ്രവര്‍ത്തക സമിതി യോഗം വിളിക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം,കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേര് കൃത്യമായി പരിഗണിക്കാന്‍ നേതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളില്‍ നിന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവ നേതാക്കളില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കാണ് മുന്‍ തൂക്കം. പ്രിയങ്ക ഗാന്ധി അധ്യക്ഷയായി വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലേക്ക് ചര്‍ച്ചകള്‍ കടക്കും.

Top