അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ അത് ആദ്യം നിരസിച്ച പാര്‍ട്ടി സി.പി.എമ്മാണ്. എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു എന്നു പറയുമ്പോഴും മതവിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഏത് നീക്കത്തെയും എതിര്‍ക്കുമെന്നതാണ് സി.പി.എം നയം. ആ നയമാണിപ്പോള്‍ അയോദ്ധ്യയിലേക്കുള്ള ക്ഷണം നിരസിച്ചതു വഴി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട ആവശ്യം സി.പി.എമ്മിനോ യെച്ചൂരിക്കോ ഉണ്ടായിരുന്നില്ല.
എന്നാല്‍ കോണ്‍ഗ്രസ്സ് അടക്കം മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥ അതല്ല അവരിപ്പോഴും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ സംഘപരിവാര്‍ നേതാക്കളേക്കാള്‍ ആവേശമായാണ് രാമക്ഷേത്രത്തെ കുറിച്ച് വാചാലനാകുന്നത്. ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ മനസ്സും കാവി വികാരത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. അതു തന്നെയാണ് ഒരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനു മുന്നില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നത്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് പോയില്ലങ്കില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഭയക്കുന്നത്. ഹൈന്ദവ പ്രീണന കാര്യത്തില്‍ ബി.ജെ.പിയോടും മോദിയോടും മത്സരിച്ച് യു.പിയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശന പരമ്പര നടത്തിയ ചരിത്രവും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുണ്ട്. അതു കൊണ്ടു തന്നെ സമാന സാഹചര്യം അയോദ്ധ്യയിലും ആവര്‍ത്തിക്കാനാണ് സാധ്യത. ഇതാകട്ടെ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ്സിനെയാണ് പ്രതിരോധത്തിലാക്കുക.
കര്‍ണ്ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ്സിന് അധികാരം ലഭിച്ചതില്‍ മുസ്ലീംന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഈ വോട്ടുകള്‍ തിരിച്ചടിച്ചാല്‍ ലോകസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ കണക്കു കൂട്ടലുകളാണ് തെറ്റുക. 2019 -ല്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത സംസ്ഥാനം കേരളമാണ്. 20-ല്‍ 19 സീറ്റുകളിലും വിജയിക്കാന്‍ ആ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സാധിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ഒരു തരംഗമായി കോണ്‍ഗ്രസ്സിന്റെ പെട്ടിയില്‍ വീണതിനെ തുടര്‍ന്നാണ്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ച് മതേതര കേരളം നല്‍കിയ ആ വോട്ടുകള്‍ പുതിയ സാഹചര്യത്തില്‍ കൈവിട്ടു പോയാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ് കേരളത്തിലും കോണ്‍ഗ്രസ്സിനു സംഭവിക്കുക. മുസ്ലിംലീഗും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ്സ് പങ്കെടുത്താല്‍ അത് ലീഗിന്റെ മുഖത്തും വലിയ പ്രഹരമാണ് സൃഷ്ടിക്കുക. ലീഗും വലിയ പ്രതിസന്ധിയിലേക്കാണ് അതോടെ കൂപ്പുകുത്തുക.
രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തില്‍ നിന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഒഴിഞ്ഞുമാറിയതില്‍ നിന്നു തന്നെ ആ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. പങ്കെടുക്കില്ല എന്നതാണ് തീരുമാനമെങ്കില്‍ അത് അദ്ദേഹത്തിന് അപ്പോള്‍ തന്നെ തുറന്നു പറയാമായിരുന്നു. എന്നാല്‍ അത് സംഭവിച്ചിട്ടില്ല. ഇവിടെയാണ് സി.പി.എമ്മിന്റെ നിലപാടിനും പ്രസക്തി ഏറുന്നത്.
അതേസമയം, രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുവാനുള്ള കോണ്‍ഗ്രസ്സ് നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ മതസംഘടനകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. കോണ്‍ഗ്രസ് നിലപാടിനെതിരെ സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ‘പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്? എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് സംഘടന നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഈ മൃദുഹിന്ദുത്വ നിലപാട് തന്നെയാണ് 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന കാര്യവും സമസ്ത മുഖപത്രം കോണ്‍ഗ്രസിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നല്ല ബോധ്യം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു.
‘ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി 11 വെള്ളി ഇഷ്ടികയാണ് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് അയച്ചുകൊടുത്തതെന്ന കാര്യവും സമസ്ത മുഖപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന സ്വാമിമാരെ വിളിച്ചുവരുത്തി പൂജ ചെയ്യിച്ചും കൂറ്റന്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നു പറഞ്ഞുമാണ് മധ്യപ്രദേശില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് തേടിയിരിക്കുന്നത്. ഇതിനു പുറമെ രാജ്യത്തിന് പുറത്തും രാമക്ഷേത്രങ്ങള്‍ ഉയരുമെന്ന പ്രഖ്യാപനവും അവര്‍ നടത്തിയിട്ടുണ്ട്. എന്നിട്ടു പോലും ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് മുന്നില്‍ കമല്‍നാഥിന്റെ മൃദുഹിന്ദുത്വയ്ക്ക് കാലിടറിയ കാര്യവും ‘സുപ്രഭാതം’ എഡിറ്റോറിയലില്‍ എടുത്തു പറയുന്നുണ്ട്.
മൃദുഹിന്ദുത്വയെ പുല്‍കാനുള്ള കൊതികൊണ്ടാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്നാണ് സമസ്ത നേതൃത്വത്തിന്റെ വിലയിരുത്തല്‍ അതു തന്നെയാണ് അവരുടെ മുഖ പത്രവും ചൂണ്ടിക്കാട്ടുന്നത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തണമെന്നതില്‍ അഗ്രഗണ്യരായ സംഘ്പരിവാര്‍ സംഘടനകളെ അതേനാണയത്തില്‍ എതിരിടണമെന്ന മണ്ടത്തരം ആരാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഓതിക്കൊടുക്കുന്നതെന്ന് ചോദ്യവും സുപ്രഭാതം ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നതെന്ന തിരിച്ചറിവ് സിപിഎം നേതാവ് സിതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ക്കുള്ളതു കൊണ്ടാണ് രാമജന്മഭൂമി ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചയുടന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് തലയുയര്‍ത്തി പറയാന്‍ യെച്ചൂരിക്കു ത്രാണി ഉണ്ടായതെന്നും ആ ആര്‍ജവവും ധൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതെന്നു കൂടി പറഞ്ഞാണ് സുപ്രഭാതം എഡിറ്റോറിയല്‍ അവസാനിപ്പിച്ചിരിക്കുന്നത്.
മുസ്ലീംലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയുടെ നിലപാടാണ് സുപ്രഭാതം എഡിറ്റോറിയലിലൂടെ സംഘടന ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതിലെ ഓരോ വരികളും കോണ്‍ഗ്രസ്സിനെ മാത്രമല്ല ലീഗിനെയും ചുട്ടുപ്പൊള്ളിക്കുന്നതാണ്. കോണ്‍ഗ്രസ്സിനൊപ്പം കൂട്ടു ചേര്‍ന്നു മത്സരിച്ചാല്‍ ലീഗിന് സ്വന്തം കോട്ടകളില്‍ തന്നെ വലിയ തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അപകടം തിരിച്ചറിഞ്ഞ ലീഗ് നേതാക്കളും കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളും രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
എന്നാല്‍, ഈ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന ആവശ്യവുമായി ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ്സ് നേതാക്കളും സംഘടിച്ചിട്ടുണ്ട്. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വമുള്ളത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവ വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയമാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. ഈ ഭയം കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടകയിലെയും തെലങ്കാനയിലെയും നേതാക്കള്‍ക്കുണ്ടെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയത്തില്‍ പരസ്യ പ്രതികരണത്തിന് അവരും മുതിരുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്താലും പങ്കെടുത്തില്ലങ്കിലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഒരു പ്രത്യയശാസ്ത്ര പിന്‍ബലവും അവകാശപ്പെടാന്‍ ഇല്ലാത്ത കോണ്‍ഗ്രസ്സ് അവസരത്തിനൊത്താണ് ഹിന്ദുത്വ രാഷ്ട്രീയം പയറ്റാറുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ തന്ത്രം അവര്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പ്രയോഗിച്ചെങ്കിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കു മുന്നില്‍ അത് വിലപ്പോയില്ലന്നതാണ് യാഥാര്‍ത്ഥ്യം. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ്സ് പങ്കെടുത്താലും അതു കൊണ്ട് നഷ്ടമല്ലാതെ പ്രത്യേകിച്ച് ഒരു നേട്ടവും ആ പാര്‍ട്ടിക്ക് ലഭിക്കാന്‍ പോകുന്നില്ല. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രഡിറ്റ് ബി.ജെ.പിക്ക് അവകാശപ്പെടാന്‍ ഉള്ളതല്ലന്നതാണ് കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥ് പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളേക്കാള്‍ വലിയ ഹിന്ദുത്വവാദിയാകാന്‍ കമല്‍ നാഥ് ശ്രമിക്കുമ്പോള്‍ നെഹറു കുടുംബവും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവും ഒരക്ഷരം പ്രതികരിച്ചിട്ടില്ലന്നതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസ്സിന്റെ കാവി മനസ്സ് പ്രകടമാക്കുന്ന പ്രതികരണമാണിത്. അതുകൊണ്ടാണ് സി.പി.എമ്മിനെ പോലെ ശക്തമായ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു കഴിയാതിരിക്കുന്നത്.
പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവനും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ സംഘപരിവാറിന്റെ സകല നേതാക്കളും പങ്കെടുക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് രാജ്യവ്യാപകമായി വലിയ പ്രചരണമാക്കാനാണ് ബി.ജെ.പിയും പരിവാര്‍ സംഘടനകളും ഒരുങ്ങുന്നത്. ബി.ജെ.പിയുടെ ഒരു ദശാബ്ദം നീണ്ട തിരഞ്ഞെടുപ്പു വാഗ്ദാനമാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. ഇതുവഴി വന്‍ രാഷ്ട്രീയ നേട്ടമാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നത്. മോദിക്ക് മൂന്നാം ഊഴം ഉറപ്പിക്കുന്ന തന്ത്രപരമായ നീക്കമാണിത്.
ഇതിന്റെ പങ്ക് പറ്റാനുള്ള കോണ്‍ഗ്രസ്സ് തന്ത്രം എന്തു തന്നെ ആയാലും അത് വിലപ്പോവില്ലന്നു മാത്രമല്ല ന്യൂനപക്ഷ വോട്ടുകള്‍ വലിയ രൂപത്തിലാണ് കോണ്‍ഗ്രസ്സിനു നഷ്ടമാക്കുക. സെക്യുലര്‍ സ്വഭാവം നഷ്ടമാകുന്ന കോണ്‍ഗ്രസ്സിനോട് സഹകരിക്കാന്‍ മുസ്ലിംലീഗിനു പോലും കഴിയുകയില്ല. കേരളത്തില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് അതോടെ യു.ഡി.എഫിനു സംഭവിക്കുക. യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ അകന്നാല്‍ പിന്നെ ഒരിക്കലും കേരളഭരണം സ്വപ്നം കാണാന്‍ പോലും കോണ്‍ഗ്രസ്സിനും ലീഗിനും കഴിയുകയുമില്ല….
EXPRESS KERALA VIEW