ന്യൂഡല്‍ഹി: മഹാസഖ്യം വിട്ട് നിതീഷ് കുമാര്‍ എന്‍.ഡി.എ.യിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹത്തിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നിതീഷ് ‘തിരക്കില്‍’ ആണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
ഇന്ത്യാ സംഖ്യംവിട്ട് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷുമായി ബന്ധപ്പെടാന്‍ ഖാര്‍ഗെ പലതവണ ശ്രമിച്ചിരുന്നതായുള്ള വിവരം താന്‍ ഔദ്യോഗികമായി പങ്കുവെക്കുന്നു എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.
അതേസമയം, സഖ്യംവിട്ട് നിതീഷ്‌കുമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നത് സംബന്ധിച്ച് യാതൊരു വിവരവും തനിയ്ക്ക് ലഭിച്ചിട്ടില്ലായെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യാമുന്നണിയില്‍ ശക്തരായ പാര്‍ട്ടികളിലൊന്നാണ് ഇപ്പോഴും ജെ.ഡി.യുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ വിഷയം സംബന്ധിച്ച് നിതീഷിന് കത്തയച്ചിട്ടുണ്ട്. അവരുമായി സംസാരിക്കാനുള്ള ശ്രമത്തിലാണ്. നിതീഷിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് അറിയില്ല. ബിഹാറില്‍ സംഭവിക്കുന്നത് എന്താണെന്ന് വിലയിരുത്താനായി ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നും എന്താണ് സംഭവിക്കുകയെന്ന് കാണാമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞദിവസം നിതീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിതീഷുമായി സംസാരിക്കാന്‍ സോണിയ ഉദ്ദേശിച്ചിരുന്നത് എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തത്. രാഹുലിന്റെ യാത്ര ജനുവരി 30-നാണ് ബിഹാറിലെ പുര്‍ണിയയില്‍ എത്തുന്നത്. പരിപാടിയിലേക്ക് ജെഡിയുവിനെയും ആര്‍ജെഡിയെയും നേരത്തെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.