പ്രതിപക്ഷ നേതൃസ്ഥാനം; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം നാളെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചൊവ്വാഴ്ച രാവിലെ 11ന് ഇന്ദിരാഭവനില്‍ ചേരും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന ഖര്‍ഗെയും വി. വൈത്തിലിംഗവും ഓരോ എംഎല്‍എമാരെയും പ്രത്യേകം കണ്ട് അഭിപ്രായം തേടും.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി കേട്ടശേഷം ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുക. പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, പ്രതിപക്ഷ നേതാവിന്റ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. അടുത്തദിവസം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാലും ഉടന്‍ തീരുമാനമുണ്ടാകില്ല.

പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു മാറിനില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആരും പരാതി പറയാത്ത സാഹചര്യത്തില്‍ എന്തിനാണ് മാറുന്നതെന്നാണ് ഇവരുടെ ചോദ്യം.

21 എംഎല്‍എമാരില്‍, 12 പേര്‍ െഎ ഗ്രൂപ്പുകാരാണ്. ഇതില്‍ ചിലരെങ്കിലും ചെന്നിത്തല മാറി വി.ഡി. സതീശന്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ പേരാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നതെങ്കിലും ഗ്രൂപ്പിന് അതീതമായി എംഎല്‍എമാര്‍ അഭിപ്രായം പറഞ്ഞേക്കും.

എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായവും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തേടും. ഉമ്മന്‍ ചാണ്ടി ഇതുവരെ മനസ് തുറന്നിട്ടില്ല. ചെന്നിത്തല തുടരട്ടെയെന്ന് ഭൂരിപക്ഷം പറഞ്ഞാല്‍ ഹൈക്കമാന്‍ഡിന് അംഗീകരിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തയാറാകില്ലെന്നാണ് സൂചനകള്‍.

 

Top