ബലഹീനതയും ചിലരുടെ അഹങ്കാരവും കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാക്കുന്നു:ഗുലാം നബി ആസാദ്

ഡല്‍ഹി: ബലഹീനതയും ചിലരുടെ അഹങ്കാരവും കാരണം കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാകാന്‍ പോകുന്നുവെന്നത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് പ്രതികരണം. കോണ്‍ഗ്രസില്‍ ഇല്ലാത്തതിനാല്‍ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അശോക് ചവാന്‍ മുംബൈയിലെ ബിജെപി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചോദനമെന്നും രാഷ്ട്രീയ ജീവിതത്തില്‍ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. ഈമാസം 27-ന് നടക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പില്‍ അശോക് ചവാനെ മുന്‍നിര്‍ത്തി കരുക്കള്‍ നീക്കാനാണ് ബിജെപി ആലോചന.’എന്റെ നിയമസഭാ ജീവിതം ആരംഭിച്ചത് മഹാരാഷ്ട്രയിലാണ്. ലോക്‌സഭാംഗമായതും അവിടെ നിന്നാണ്. ആദ്യമായി മഹാരാഷ്ട്രയില്‍ നിന്നാണ് ഞാന്‍ രാജ്യസഭയിലേക്ക് പോയത്. ഇന്ത്യയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം മഹാരാഷ്ട്രയാണ്. യുപി, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അവസാനിച്ചു. കുറച്ചു പേരുടെ ബലഹീനതയും അഹങ്കാരവും കാരണം ഈ പാര്‍ട്ടി അവസാനിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.’ ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

‘അശോക് ചവാന്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് കനത്ത തിരിച്ചടിയായിരിക്കും.’ ഗുലാം നബി ആസാദ് പറഞ്ഞു.

Top