മലയാളികളുടെ ജീവന്‍വച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകളികളിക്കുന്നു; വിമര്‍ശിച്ച് പി രാജീവ്

കൊച്ചി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്.മലയാളികളുടെ ജീവന്‍ വച്ചുള്ള രാഷ്ട്രീയ കളി കോണ്‍ഗ്രസ് നടത്തരുതെന്ന് പി രാജീവ് വിമര്‍ശിച്ചു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിന് കോണ്‍ഗ്രസ് ഗൂഡാലോചന നടത്തുന്നുവെന്ന് പലരും നേരത്തെ പറഞ്ഞിരുന്നു. മനുഷ്യര്‍ മരിച്ചാലും വേണ്ടില്ല അതിനെ തങ്ങളുടെ അധികാര താല്‍പര്യങ്ങള്‍ക്ക് വളമുള്ള മണ്ണാക്കി മാറ്റാനുള്ള പ്രതിപക്ഷ ആക്രാന്തം ഭയപ്പെടുത്തുന്നതാണ് രാജീവ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം..

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിന് കോണ്‍ഗ്രസ് ഗൂഡാലോചന നടത്തുന്നുവെന്ന് പലരും നേരത്തെ പറഞ്ഞിരുന്നു. മനുഷ്യര്‍ മരിച്ചാലും വേണ്ടില്ല അതിനെ തങ്ങളുടെ അധികാര താല്‍പര്യങ്ങള്‍ക്ക് വളമുള്ള മണ്ണാക്കി മാറ്റാനുള്ള പ്രതിപക്ഷ ആക്രാന്തം ഭയപ്പെടുത്തുന്നതാണ് .

ഈ വാര്‍ത്ത നോക്കൂ. ദേശാഭിമാനിയല്ല, മനോരമയാണ്. മുംബൈയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ സമയത്ത് അറിയിപ്പ് നല്‍കാതെ കണ്ണൂരും കോട്ടയത്തും നിര്‍ത്തുന്നു. ഏറെ വൈകി വിവരം അനൗദ്യോഗികമായി ലഭിച്ചിട്ടും ജില്ലാ ഭരണകൂടം യുദ്ധ സമാന ഇടപെടല്‍ നടത്തി. പക്ഷേ, ലിസ്റ്റിലുള്ള പലരും യാത്രക്കാരുടെ കൂട്ടത്തിലില്ലെന്നും പലര്‍ക്കും പാസുണ്ടായിരുന്നില്ലെന്നും മനോരമ തന്നെ പറയുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടതു പ്രകാരം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ട്രെയിനെന്നും മനോരമ സാക്ഷ്യപ്പെടുത്തുന്നു.

രോഗം പടരാതിരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകളെ കോണ്‍ഗ്രസ് പുറത്തു നിന്നും കൊണ്ടുവരുന്നു. ട്രെയിന്‍ വഴിയും ബസ്സ് വഴിയും ആളെ അതിര്‍ത്തി കടത്തുന്നു. കോണ്‍ഗ്രസ് എം പിമാരും എം എല്‍ എ മാരും പാസ്സില്ലാതെ വരുന്നവരെ അതിര്‍ത്തി കടത്താന്‍ നേരിട്ടിറങ്ങുന്നു.

ഇത് പുറത്തു നിന്നും വരുന്നവര്‍ ഉള്‍പ്പെടെയുള്ള മലയാളിയുടെ ജീവന്‍ വെച്ചുള്ള രാഷ്ട്രീയ കളിയാണ്. അര ലക്ഷത്തോളം മലയാളി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നാട്ടിലേക്ക് എത്തിയിട്ടുണ്ട്. വരുന്നവര്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന്‍ ഉറപ്പു വരുത്തുവാനും വാര്‍ഡ് കമ്മിറ്റി മുതലുള്ള മേല്‍നോട്ടം ഉറപ്പുവരുത്താനും മുന്‍കൂട്ടിയുള്ള ക്രമീകരണം അത്യാവശ്യമാണ്. വരുന്നവരില്‍ രോഗികളുണ്ടെങ്കില്‍ അവര്‍ക്ക് ചികിത്സ ഉറപ്പു വരുത്താനും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് രോഗബാധയില്ലാതിരിക്കാനും ഇത് ഒഴിവാക്കാനാവാത്തതാണ് . അതു കൊണ്ടു കൂടിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞത്.

ലോകത്തിനു മുമ്പില്‍ കേരളം നേടിയ മികവ് സര്‍ക്കാരിനും ജനങ്ങള്‍ക്കും അവകാശപ്പെട്ട താണ് തുടക്കം മുതല്‍ പ്രതിപക്ഷം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. അതിപ്പോള്‍ എല്ലാ അതിരുകളും വിട്ടിരിക്കുന്നു. മനുഷ്യ ജീവന്‍ പന്താടുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം . ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും വേണം.

മുംബൈയില്‍നിന്നുള്ള ട്രെയിന്‍: സ്റ്റോപ്പിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം

Top