കോണ്‍ഗ്രസിന്റെ നയമാണ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണം ; കെകെ ശൈലജ

വടകര: കോണ്‍ഗ്രസിന്റെ നയമാണ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന് കെകെ ശൈലജ. ഇന്ത്യ മതേതരരാജ്യമായി തുടരണമെന്ന് നിശിതമായി പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അവസരവാദപരമായ നയമാണ് സ്വീകരിക്കുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും വടകര എം പി കെ മുരളീധരന്റെ സഹോദരിയുമായ പത്മജയുടെ ബിജെപി പ്രവേശനത്തിന് മുന്നോടിയായാണ് പ്രതികരണം.

‘പത്മജയുടെ ബിജെപി പ്രവേശനം എല്‍ഡിഎഫ് പ്രചാരണായുധമാക്കില്ല. മറിച്ച് അത് ജനങ്ങള്‍ കാണുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ആരൊക്കെ പോകണമെന്ന് കേരളത്തിലെ ജനങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കണം. ഇവിടുന്ന് ജയിച്ചുപോകുന്ന കോണ്‍ഗ്രസ് എംപിമാരില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യതയില്ല. അവരില്‍ ആര്‍ക്കും ബിജെപിയിലേക്ക് പോകുന്നതിന് തടസ്സമില്ല. കേരളത്തില്‍ മാത്രമല്ല. ഹിമാചല്‍ പ്രദേശിലും ഗോവയിലും അസമിലും തമിഴ്നാട്ടിലും സ്ഥിതി ഇത് തന്നെയാണ്. അതിന് കാരണം കോണ്‍ഗ്രസിന്റെ നയം തന്നെയാണ്. നിശിതമായ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കണം. മതേതരരാജ്യമായി ഇന്ത്യ തുടരണം. ഇന്ത്യ ഏതെങ്കിലും മതത്തിന്റെ രാജ്യമായി മാറരുത്. അത് വ്യക്തമായി പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അവസരവാദപരമായ നയമാണ് സ്വീകരിക്കുന്നത്.’ കെ കെ ശൈലജ പറഞ്ഞു.

കേരളത്തിന്റെ പുരോഗതിയും മാനുഷികമായ നേട്ടങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. ആര്‍ക്കാണ് ബിജെപിയുമായി കൂട്ടുകെട്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ് പലരും. അത്തരത്തില്‍ അപൂര്‍വ്വം ചിലരെ നേരത്തെയുണ്ടായിരുന്നുള്ളൂ. ഇന്ന് പ്രഗത്ഭരായ നേതാക്കള്‍ക്ക് പോലും ബിജെപിയില്‍ പോകുന്നതില്‍ തടസ്സമില്ല. ശുഭകരമായ ലക്ഷണമല്ലെന്നും കെ കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ വിചാരിച്ചാല്‍ 20 ഇടതുപക്ഷ എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ സാധിക്കും. മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കോട്ട പോലെ പ്രവര്‍ത്തിക്കും. കഴിഞ്ഞ തവണ ചിന്തിച്ചതുപോലെ ചിന്തിച്ചാല്‍ ജനം പരാജയപ്പെട്ടുപോകും. ഇത് ഇവിടെ അവസാനിക്കില്ല. ഇനി ആരൊക്കെ പോകുമെന്നോ, ആരൊക്കെ തയ്യാറെടുത്ത് നില്‍ക്കുന്നുണ്ട് എന്നൊന്നും അറിയില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Top