‘രാഹുല്‍ ഗാന്ധി ബ്രാഹ്മണന്‍’; നേതാക്കളുടെ ജാതി വെളിപ്പെടുത്തി കോണ്‍ഗ്രസ് പോസ്റ്ററുകള്‍

RAHULGANDHI

ന്യൂഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ജാതി രാഷ്ട്രീയം പയറ്റാനൊരുങ്ങുകയാണ് വിവിധ പാര്‍ട്ടികള്‍. ഓരോ മണ്ഡലങ്ങളിലും ഏത് ജാതിയാണ് പ്രബലം എന്ന് നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ബീഹാറിലെ പാട്‌നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാതി അവരുടെ ചിത്രങ്ങളില്‍ എഴുതി ചേര്‍ത്ത പോസ്റ്ററുകള്‍ പതിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ ബ്രാഹ്മണ സമുദായം എന്ന് വ്യക്തമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. വിവിധ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ഫോട്ടോയില്‍ ഓരോ ആളുടെയും ജാതി വിവരം ചേര്‍ത്തിരിക്കുന്ന നിലയിലാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് പരസ്യമായി ജാതി രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വച്ചിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബ്രാഹ്മണ്‍, ദളിതന്‍, ഭൂമിഹര്‍, രജ്പുത് എന്നിങ്ങനെ വിവിധ നേതാക്കളുടെ ചിത്രത്തിന് താഴെ എഴുതി വച്ചിരിക്കുന്ന വമ്പന്‍ പോസ്റ്ററാണ് ബീഹാര്‍ തലസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി മാത്രമല്ല, മുതിര്‍ന്ന നേതാവ് ശക്തി സിന്‍ ഗോഹിലി, യുവാക്കളുടെ പ്രതിനിധിയായ അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയവരുടെയെല്ലാം ജാതി ഏതെന്ന് പോസ്റ്ററില്‍ വെളിപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ക്ഷേത്ര സന്ദര്‍ഷനവും കര്‍ണ്ണാടക തെരഞ്ഞെടുപ്പിനിടയിലെ കൈലാസ് യാത്രയും എല്ലാം കോണ്‍ഗ്രസ് മൃതു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതിന്റെ തെളിവുകളാണെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. രാഹുലിന്റെ മാനസരോവര്‍ യാത്രയാണ് ഇക്കാലയളവില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച സംഭവം.

ശിവഭക്ത രാഹുല്‍ എന്ന പേരില്‍ അടുത്തിടെ രാഹുലിന്റെ ജാതകളില്‍ ഫോട്ടോവച്ച് പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലെല്ലാം വിവിധ പാര്‍ട്ടികള്‍ ജാതി, മത രാഷ്ട്രീയം തന്നെയാണ് മുഖ്യ വിഷയങ്ങളാക്കിയിരിക്കുന്നത്. രാമനും പരമശിവനും മഹാവിഷ്ണുവും തമ്മിലുള്ള മത്സരങ്ങളായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെ വ്യാഖ്യാനിക്കേണ്ട നിലയിലാണ് വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍.

Top