സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് എതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. പദ്ധതിക്ക് എതിരെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ സമരങ്ങള്‍ക്ക് സമാനമായ സമര രീതിയുള്‍പ്പെടെ പ്രതിഷേധങ്ങള്‍ക്ക് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സമര പ്രഖ്യാപനം. കെ റെയില്‍ നാടിനെ കുട്ടിച്ചോറാക്കുന്ന പദ്ധതിയാണ്. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമാണെന്ന് പറയുന്നത്. എന്ത് സര്‍വെ നടത്തിയാണ് കെ റെയില്‍ നടപ്പാക്കുന്നത്.

പദ്ധതി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ റെയിലിന് എതിരെ വീട് കയറി പ്രചാരണം നടത്തും. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാര്‍ച്ച് 7 ന് കളക്റ്ററേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1000 പൊതുയോഗങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ തല കണ്‍വന്‍ഷനുകളില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പങ്കെടുക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പണം നല്‍കി സ്വകാര്യ ഏജന്‍സികളെ കൊണ്ട് തയ്യാറാക്കിയ ഡിപിആര്‍ അംഗീകരിക്കില്ല. കെ റെയില്‍ സംബന്ധിച്ച സര്‍വ്വെ എതിര്‍ക്കില്ല സ്ഥലം ഏറ്റെടുക്കല്‍ എതിര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top