ന്യൂഡല്‍ഹി:പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള അണിയറനീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ തീയതി പ്രഖ്യാപനം അടുത്ത മാസമായിരിക്കുമെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു സമിതി വരും ആഴ്ചകളില്‍ യോഗം ചേരും. പുതിയ പ്രസിഡന്റിനെ സമവായത്തിലൂടെ കണ്ടെത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടുന്നത്.
പ്രസിഡന്റിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിന്റെ ആദ്യപടിയായി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വസതിയില്‍ അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. വിമതനേതാക്കളെ അനുനയിപ്പിക്കാന്‍ സോണിയയ്ക്കു സാധിച്ചെങ്കിലും ജനാധിപത്യരീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന അഭിപ്രായം വിമതര്‍ക്കിടയില്‍ ശക്തമാണ്.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇനിയും പൂര്‍ണ സമ്മതമറിയിച്ചിട്ടില്ല. രാഹുല്‍ ഇല്ലെങ്കില്‍ സമവായ സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും താനില്ലെന്ന നിലപാടിലാണു പ്രിയങ്ക.
മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ട്, കമല്‍നാഥ്, അമരീന്ദര്‍ സിങ് എന്നിവരിലൊരാള്‍ പ്രസിഡന്റാകുന്ന കാര്യവും പരിഗണനയിലാണ്. എന്നാല്‍, നെഹ്‌റുഗാന്ധി കുടുംബത്തിന്റെ വിധേയന്‍ എന്ന പരിഗണന മാത്രം കണക്കിലെടുത്ത് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്നാല്‍ വിമതര്‍ എതിര്‍പ്പുന്നയിക്കും.
പുതിയ പ്രസിഡന്റ് സംബന്ധിച്ചു സമവായം ഉണ്ടായാല്‍ പ്രവര്‍ത്തകസമിതി ചേര്‍ന്ന് അന്തിമ അംഗീകാരം നല്‍കും. സമവായ നീക്കം പരാജയപ്പെട്ടാല്‍ സംഘടനാ തെരഞ്ഞെടുപ്പു നടപടികളിലേക്കു കടക്കും.