ഡല്‍ഹി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ചെങ്കോട്ടയില്‍ നടന്ന പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി നിശ്ചയിച്ചിരുന്ന ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖാര്‍ഗെയുടെ അഭാവത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് വിശദീകരണ കുറിപ്പ് പുറത്തിറക്കി.
സുഖമില്ലാത്തതിനാലാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ആദ്യമായി പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഖാര്‍ഗെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തി. കൂടാതെ തന്റെ പ്രസംഗത്തില്‍ അദ്ദേഹം സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തില്‍ വിമര്‍ശനങ്ങളും ആക്രമണങ്ങളും കോണ്‍ഗ്രസ് പരമ്പരാഗതമായി ഒഴുവാക്കുകയാണ് പതിവ്.
മോദിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരത്തെ സ്വാതന്ത്ര്യദിന വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. വീഡിയോയില്‍ മുന്‍ പ്രധാനമന്ത്രിമാരുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം നിലവിലെ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലാണ് ഇന്ത്യ പുരോഗതി കൈവരിച്ചതെന്ന് പറയാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മോദിയെ ഉന്നംവച്ച് അദ്ദേഹം കുറ്റപ്പെടുത്തി.