ന്യൂഡല്‍ഹി: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.കോണ്‍ഗ്രസ് രാജ്യസഭാ എംപി പ്രതാപ് ബജ്വയുമായുള്ള തര്‍ക്കമാണ് ഈ കടുത്ത നടപടിയിലേക്കു നയിച്ചതെന്നാണു സൂചന.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് അടിയന്തര വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
സുനില്‍ ജാക്കറെ പിസിസി അധ്യക്ഷനായി നിലനിര്‍ത്തിയാണു കമ്മിറ്റികള്‍ പിരിച്ചുവിട്ടത്.സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം സാധ്യമാക്കുന്നതിനായി 11 അംഗ കമ്മിറ്റിയെയും സോണിയ നിയോഗിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി അംഗം ആഷാ കുമാരിയാണ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, സുനില്‍ ജാക്കര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. അംബികാ സോണിയും കമ്മിറ്റിയിലുണ്ട്.