രാഹുല്‍ ഗാന്ധിയെ ആറാം നിരയിലേക്ക് ‘ഒതുക്കി’ കേന്ദ്രം; പ്രതിഷേധവുമായി പ്രതിപക്ഷം

rahul-gandi

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കഴിവും കരുത്തും തെളിയിച്ച റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍. നാലാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസ്സ് അധ്യക്ഷനെ ആറാം നിരയിലേക്ക് മാറ്റിയത്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനൊപ്പമായിരുന്നു പരേഡില്‍ രാഹുലിന്റെ സ്ഥാനം.

എന്നാല്‍ പിന്‍നിരയില്‍ സ്ഥാനം നല്‍കി പാര്‍ട്ടി അധ്യക്ഷനെ അപമാനിച്ചതിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എല്ലായ്‌പ്പോഴും കോണ്‍ഗ്രസ്സ് മേധാവിക്ക് ഒന്നാം നിരയിലായിരുന്നു ഇരിപ്പിടം. പത്ത് ആസിയാന്‍ രാജ്യ മേധാവികള്‍ സാക്ഷ്യം വഹിച്ച പരേഡില്‍ തങ്ങളെ അപമാനിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വ്യാഴാഴ്ച വൈകി ലഭിച്ച അറിയിപ്പിലാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന് സ്ഥാനം ആറാം നിരയിലാണെന്ന് അറിഞ്ഞത്. ഇത് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും നരേന്ദ്ര മോദി ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷങ്ങളിലും കോണ്‍ഗ്രസ്സ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിക്ക് മുന്‍നിരയിലായിരുന്നു സ്ഥാനം. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്നാണ് പാര്‍ട്ടി കരുതുന്നത്. കോണ്‍ഗ്രസ്സ് ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ. അഡ്വാനിക്ക് മുന്‍നിരയില്‍ സ്ഥാനം നല്‍കിയിരുന്നതും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി.

മറ്റു രാജ്യങ്ങളുടെ തലവന്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനെന്ന നിലയില്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കുന്നില്ല എന്ന ആക്ഷേപം അടുത്ത കാലത്തായി കോണ്‍ഗ്രസ്സ് ഉന്നയിക്കുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോഴും അദ്ദേഹത്തെ കാണാന്‍ രാഹുലിനെ അനുവദിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ മുഖ്യാതിഥികളായി പങ്കെടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിയെ ആറാം നിരയിലേക്ക് ‘ഒതുക്കി’യെന്ന ആരോപണം ഉയരുന്നത്.

Top