രാഹുലിന്റെ ഓഫീസ് ആക്രമണം: സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് ത‍കർത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്,യൂത്ത് കോൺഗ്രസ് ,കെ എസ് യു പ്രവ‍ർത്തകർ രംഗത്ത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടർന്നുകഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെൻററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെൻററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വയനാട്ടിൽ തുടങ്ങിയ പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചുകഴിഞ്ഞു. ദില്ലിയിലെ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തുന്നത്. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ നഗരത്തിൽ തുടരുന്നുണ്ട്.

Top