തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനുമെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 5ന് (ഇന്ന്) വൈകിട്ട് പ്രതിഷേധം നടത്തും. ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിഷേധിച്ച മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനുമെതിരെയാണ് പൊലീസ് നടപടിയുണ്ടായത്. ഇന്ന് വൈകിട്ട് ഡി സി.സി കളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍ എഉള്‍പ്പടെ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസ് എടുത്തത്.
ആശുപത്രിയില്‍ അക്രമം നടത്തല്‍, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടക്കമുള്ളവര്‍ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തില്‍ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു.