ബൈപ്പാസ് ഉദ്ഘാടനത്തിന് കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ല; വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് രാജ്യസഭ എം.പി. കെ.സി. വേണുഗോപാലിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതില്‍ ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാരെ കൈതമുന കവലക്ക് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധമുണ്ടായത്.

രാജ്യസഭ അംഗമായ കെ.സി. വേണുഗോപാലിനേയും മറ്റു ജനപ്രതിനിധികളേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് പരാതി. ബൈപ്പാസിന്റെ യഥാര്‍ത്ഥ ശില്‍പി ആലപ്പുഴ മുന്‍ എം.പി. കൂടിയായിട്ടുള്ള കെ.സി. വേണുഗോപാലാണെന്ന് ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു അവകാശപ്പെട്ടു.

ഉദ്ഘാടനത്തിലേക്ക് ക്ഷണമുള്ളവരുടെ പട്ടിക തയ്യാറാക്കിയത് കേന്ദ്രമാണ്. എന്നാല്‍, കെ.സി. വേണുഗോപാലിന്റെ പേര് തങ്ങള്‍ വച്ചിട്ടുണ്ടെന്നും വേണങ്കില്‍ വരാം അല്ലങ്കില്‍ വരാതിരിക്കാമെന്നും മന്ത്രി ജി. സുധാകരന്‍ ഇതിനോട് പ്രതികരിച്ചു. സി.പി.എം. എം.പിയായ എ.എം. ആരിഫ്, മന്ത്രി തോമസ് ഐസക് എന്നിവരെ പോലും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. അവര്‍ക്ക് വേണ്ടി കൂടിയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ലിജു പറഞ്ഞു.

 

Top