ബംഗ്ലൂരു : കര്‍ണാടകയിലെ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് വന്‍ പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്. വിവാദ പ്രസ്താവന നടത്തിയ മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മന്ത്രിയുടെ രാജി തീരുമാനം ഉണ്ടാകും വരെ സഭയില്‍ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്ന് രാത്രിയും സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കും.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയുടെ വിവാദ പ്രസ്താവന.
”അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ ആളുകള്‍ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധര്‍മ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് രാമന്റെയും ഹനുമാന്റെയും രഥങ്ങളില്‍ കാവിക്കൊടി ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ ത്രിവര്‍ണ പതാക ഉണ്ടായിരുന്നോ? എന്നാലിപ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം” എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.