തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയില്ലെന്ന് വ്യക്തമാക്കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.
സീറ്റ് നിഷേധിച്ചതിലുള്ള വികാരപരമായ സമീപനം മാത്രമാണ് സുബ്ബറായിയുടേതെന്നും കോണ്‍ഗ്രസിനെതിരെ ചിന്തിക്കാന്‍ പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തന്നോടൊപ്പം ജില്ല ഒറ്റക്കെട്ടായി ഉണ്ട്. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ രാജ് മോഹനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത്. തന്നെ അംഗീകരിക്കണം പാര്‍ട്ടി സീറ്റ് നല്‍കണമെന്നൊക്കെ ആവശ്യപ്പെട്ടത് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് തന്നത് അംഗീകരിക്കാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ തന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളത്, അദ്ദേഹം വ്യക്തമാക്കി.
തനിക്ക് പാര്‍ട്ടിയ്ക്കകത്തോ പുറത്തോ ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. തന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. കാസര്‍ഗോഡെത്തി സുബ്ബറായിയെ കാണും. തന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ സുബ്ബറായിക്ക് സാധിക്കില്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.