തിരുവല്ല: തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് ഭീഷണിയായി വിമത സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ രാജു പുളിംപള്ളിയാണ് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസഫ് എം.പുതുശേരിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ജോസഫ് എം.പുതുശേരി ശക്തനായ സ്ഥാനാര്‍ത്ഥി അല്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ തന്നോട് പറഞ്ഞുവെന്നും അതിനാലാണ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും രാജു പറഞ്ഞു.
പുതുശേരിയെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി. ജെ. കുര്യനും എതിര്‍ത്തിരുന്നു. തിരുവല്ല മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായ വിക്ടറിനെ ജോസഫ് എം. പുതുശേരി കാലുവാരി തോല്‍പ്പിച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
ഇത്തരമൊരു ആരോപണം കേട്ടയാളെ ഇത്തവണ മത്സരിപ്പിക്കരുതെന്നായിരുന്നു കുര്യന്റെ ആവശ്യം. ഇക്കാര്യം അദ്ദേഹം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനോട് ആവശ്യപ്പെട്ടിരുന്നു. കുര്യനെ അനുനയിപ്പിക്കാന്‍ സുധീരന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ജനതാദള്‍(എസ്)ലെ മാത്യൂ ടി.തോമസാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.