കണ്ണൂര്‍: പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന്. കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണച്ചതോടെയാണ് ഭരണത്തിന് വഴി തുറന്നത്.യുഡിഎഫിന്റെ സുമ ബാലകഷ്ണനും എല്‍ഡിഎഫിന്റെ ഇ പി ലതയും തമ്മിലായിരുന്നു മത്സരം.
കോര്‍പ്പറേഷനിലെ 55 സീറ്റില്‍ 27 സീറ്റുകള്‍ വീതം യു.ഡി.എഫും എല്‍.ഡി.എഫും നേടിയിരുന്നു. സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെയാണ് രാഗേഷ് കോണ്‍ഗ്രസുമായി ഇടഞ്ഞത്. കോര്‍പ്പറേഷനിലെ പഞ്ഞിക്കീല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച രാഗേഷ് 21 വോട്ടിനാണ് വിജയിച്ചത്.
ബുധനാഴ്ച രാവിലെ ഒന്‍പതര വരെ, മന്ത്രി കെ.സി. ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഗേഷ് വാര്‍ത്താസമ്മേളനം വിളിച്ച് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാതെ തിരഞ്ഞെടുത്ത സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയുടെ സ്ഥാനത്ത് നിന്ന് മാറ്റുക, പള്ളിക്കുന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പള്ളിക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പള്ളിക്കുന്ന് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ചിറക്കല്‍ ബ്ലോക്ക് സ്ഥാനാര്‍ഥി എന്നിവരെ മാറ്റുക, ഉറപ്പുള്ള സീറ്റിലെ ഇവരുടെ പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുക, പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ചാലാട് ക്ഷേത്രക്കമ്മിറ്റി പുന:സംഘടിപ്പിക്കുക, തന്നെ ഡെപ്യൂട്ടി മേയര്‍ ആക്കുക, ഡി.സി.സി.യില്‍ നിന്ന് പുറത്താക്കിയ ഒന്‍പത് പേരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാഗേഷ് മുന്നോട്ട് വച്ചത്. എന്നാല്‍, ഈ ആവശ്യങ്ങള്‍ കെ.പി.സി.സി, ഡി.സി.സി. നേതൃത്വങ്ങള്‍ തള്ളുകയായിരുന്നു.