കണ്ണൂര്‍: പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷ് തീരുമാനിച്ചതായി സൂചന. നിരുപാധികമായാണ് പിന്തുണ.
അതേസമയം, രാഗേഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് വീണ്ടും ശ്രമം ആരംഭിച്ചു. മന്ത്രി കെ.സി. ജോസഫ് രാഗേഷുമായി ഫോണില്‍ വിളിച്ച് സംസാരിച്ചു. തിരക്കിട്ട് തീരുമാനങ്ങളൊന്നും കൈക്കൊള്ളരുതെന്ന് മന്ത്രി രാഗേഷിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി സുമ ബാലകൃഷ്ണനെ പ്രഖ്യാപിച്ചത് പിന്‍വലിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് രാഗേഷിന്റെ നിലപാട്. ഇക്കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം കൈക്കൊണ്ടിട്ടില്ല.
കോര്‍പ്പറേഷനിലെ 55 സീറ്റില്‍ 27 സീറ്റുകള്‍ വീതം യു.ഡി.എഫും എല്‍.ഡി.എഫും നേടിയിരുന്നു. സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെയാണ് രാഗേഷ് ഇടഞ്ഞത്. ഇന്നലെ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.