നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

മുംബൈ : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ പൗരന്മാര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഒബിസികള്‍ക്ക് 27 ശതമാനം സംവരണം, സംസ്ഥാന ഐപിഎല്‍ ടീം എന്നിവ അടക്കം 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പ്രായമായവര്‍ക്ക് പെന്‍ഷന്‍, സൌജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലഡറുകള്‍ എന്നീ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, നേതാക്കളായ ദിഗ് വിജയ് സിംഗ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, പ്രചാരണത്തിലും സര്‍വ്വെ ഫലങ്ങളിലും മുന്നിലാണ്. കമല്‍നാഥ് സംസ്ഥാനത്ത് കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ സഹായിച്ചു. പ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കി കൂട്ടായ നേതൃത്വമെന്ന സന്ദേശം നല്‍കി ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബിജെപി നോക്കുന്നത്. തല്‍ക്കാലം പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്.

Top