തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം നടത്തുന്ന ശ്രമങ്ങളെ തടസപ്പെടുത്തില്ലെന്നും മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ച് കൊണ്ടുപോകണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ.പി.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ട് പോകും. രാഷ്ട്രീയകാര്യ സമിതി തുടരുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
കെ.പി.സി.സി എക്‌സിക്യൂട്ടിവ് ആണ് പരമാധികാര സമിതി. ആവശ്യമെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിപുലപ്പെടുത്താം. കോണ്‍ഗ്രസ് അംഗത്വവിതരണം പൂര്‍ത്തിയാക്കുന്ന അടുത്ത മാര്‍ച്ച് 31വരെ പുനഃസംഘടന തുടരാം. കൊവിഡ് കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.