ദില്ലി: അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നൽകുമെന്നും പ്രമേയത്തിലുണ്ട്. ദുർബലരുടെ അന്തസ് സംരക്ഷിക്കാൻ ‘രോഹിത് വെമുല നിയമം’ പ്രാവർത്തികമാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാർട്ടി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.