ഒരൊറ്റ സമരം കൊണ്ട് ഒരു പാര്‍ട്ടി തന്നെയാണിപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഹര്‍ത്താലിനും വഴി തടയല്‍ സമരങ്ങള്‍ക്കും എതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ്സിന് ആ ‘നയം’ തന്നെയാണിപ്പോള്‍ വലിയ തിരിച്ചടിയായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എറണാകുളത്ത് നടന്ന വഴിതടയല്‍ സമരത്തിന് ശരിക്കും എതിരാണ്. മുന്‍ മേയര്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയായത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെയും ഞെട്ടിച്ചിട്ടുണ്ട്. ഒപ്പമുള്ള വി.ഡി.സതീശനും കെ.സി വേണുഗോപാലും ഈ വിഷയത്തില്‍ കെ.സുധാകരനെ കൈവിട്ടിരിക്കുകയാണ്.
നടന്‍ ജോജു ജോര്‍ജിന്റെ കാറ് തല്ലിത്തകര്‍ത്തതിനെ ന്യായീകരിച്ചതും സുധാകരന് വന്‍ തിരിച്ചടിയായിട്ടുണ്ട്. ജോജു ജോര്‍ജ് മദ്യപിച്ചു എന്ന സുധാകരന്റെ ആരോപണവും എടുത്തു ചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളത്തെ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ വിവരം അനുസരിച്ച് സുധാകരന്‍ നടത്തിയ പ്രതികരണമാണ് നിമിഷ നേരം കൊണ്ട് മെഡിക്കല്‍ പരിശോധനയിലൂടെ പൊളിഞ്ഞിരിക്കുന്നത്. ഒരു കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ കാര്യങ്ങളെ പക്വതയോടെ കാണേണ്ടിയിരുന്ന സുധാകരന്‍ വൈകാരികമായി പ്രതികരിച്ചതാണ് ജോജുവിന്റെ മാളയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ്സിനെയും പ്രേരിപ്പിച്ചിരുന്നത്.
എന്നാല്‍, ഈ പ്രതിഷേധവും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിലവില്‍ വലിയ തിരിച്ചടിയായാണ് മാറിയിരിക്കുന്നത്. മാളയിലെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരും ഇത്തരം ഒരു പ്രതിഷേധത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ കാരണവും വ്യക്തമാണ്. ജോജുവിന്റേത് ഒരു കോണ്‍ഗ്രസ്സ് അനുകൂല കുടുംബമാണ്. ജോജുവിന് പ്രത്യേക രാഷ്ട്രീയം ഒന്നും തന്നെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് കോണ്‍ഗ്രസ്സ് അനുകൂലവുമാണ്. ഇങ്ങനെയുള്ള ഒരു വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം, ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തതാണ് പ്രശ്‌നം വഷളാക്കിയതെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സിലെ പ്രമുഖ വിഭാഗത്തിനുള്ളത്. അതല്ലായിരുന്നു എങ്കില്‍ ഇത്രമാത്രം വാര്‍ത്താ പ്രാധാന്യം ജോജുവിന്റെ ഇടപെടലിന് ലഭിക്കില്ലായിരുന്നു എന്നതാണ് വിലയിരുത്തല്‍.
കാര്‍ തല്ലിത്തകര്‍ത്തത് സ്വാഭാവിക പ്രതികരണമാണെന്നു കെ.സുധാകരന്‍ തന്നെ പ്രതികരിച്ച സാഹചര്യത്തില്‍ ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുത്ത് തലയൂരാനും ഇനി കോണ്‍ഗ്രസ്സിനു കഴിയുകയില്ല. ആകെ പെട്ടുപോയ അവസ്ഥ തന്നെയാണിത്. ജാമ്യമില്ലാ കുറ്റം ചുമത്തി മരട് പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത്, മുന്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ്, പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുമുണ്ട്. ആറുലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായിരിക്കുന്നത്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധമായ ദൃശ്യങ്ങളും കോണ്‍ഗ്രസ്സിനു തിരിച്ചടിയാണ്.
അതേസമയം, ജോജുവിനെതിരായ വനിതാ കോണ്‍ഗ്രസ്സുകാരുടെ പരാതിയില്‍ പൊലീസ് ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. വനിതകള്‍ പരാതി നല്‍കി എന്നതു കൊണ്ടുമാത്രം കേസെടുക്കാന്‍ കഴിയില്ലന്ന നിലപാടാണ് പൊലീസിനുള്ളത്. ഇക്കാര്യത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ കേസെടുക്കാം എന്നതാണ് നയം. ദൃശ്യമാധ്യമങ്ങള്‍ പൂര്‍ണ്ണമായും കവര്‍ ചെയ്ത സംഘര്‍ഷമായതിനാല്‍ അനാവശ്യമായി ജോജുവിനെതിരെ കേസെടുത്താല്‍ ഡിജിറ്റല്‍ തെളിവുകള്‍ തിരിച്ചടിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. ഈ അനുകൂല സാഹചര്യം തന്നെയാണ് ജോജുവിനും ആത്മവിശ്വാസം നല്‍കിയിരിക്കുന്നത്. സംഘര്‍ഷം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും വാര്‍ത്തകളില്‍ ജോജു തന്നെയാണ് ഇപ്പോഴും താരം. നിയമസഭയിലും ഇതിന്റെ അലയൊലി ഏറെ പ്രകടമാണ്. കോണ്‍ഗ്രസ്സിനെതിരെ ‘കിട്ടിയ’ അവസരം സര്‍ക്കാറാണ് ശരിക്കും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ് എന്നിവര്‍ ഇപ്പോള്‍ പൊലീസിനു നേരെയും തിരിഞ്ഞിട്ടുണ്ട്.
‘സ്ത്രീ സുരക്ഷയുടെ പേരില്‍ അവരെ നോക്കിയാല്‍ പോലും കേസെടുക്കുന്ന രാജ്യത്ത് കോണ്‍ഗ്രസുകാര്‍ക്കു മാത്രം നീതി ലഭ്യമല്ലെന്നു പറഞ്ഞാല്‍ അനീതിയാണെന്നതാണ് ഇവരുടെ വാദം. ഇതിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പും ഇരുവരും നല്‍കിയിട്ടുണ്ട്. വഴിതടയല്‍ സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും ഡി.സി.സി നേതൃത്വം തുറന്നടിച്ചിട്ടുണ്ട്. ഇതോടെ വഴിതടയല്‍ സമരത്തിനെതിരെ നിലപാടെടുത്ത വി.ഡി സതീശനാണ് വെട്ടിലായിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിരിക്കുന്നത്.
ഈ സംഭവത്തോടെ വെട്ടിലായ മറ്റൊരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലാണ്. പഴയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അദ്ദേഹത്തിനെ തിരിഞ്ഞു കുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തലസ്ഥാനത്ത് സിപിഎം നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ രംഗത്തു വന്ന വീട്ടമ്മയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഷാഫി ഇട്ട പോസ്റ്റാണ് ഇപ്പോള്‍ അദ്ദേഹത്തിന്നു തന്നെ ‘പാര’ ആയിരിക്കുന്നത്. അന്നു ഷാഫി ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍, ‘വീര’ വനിത യായാണ് ഈ വീട്ടമ്മയെ വാഴ്ത്തിപ്പാടിയിരുന്നത്. 2013ലായിരുന്നു ഈ സംഭവം നടന്നിരുന്നത്. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എം നടത്തിയ സമരത്തിനെതിരേയാണ് സന്ധ്യ എന്ന വീട്ടമ്മ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ താമസക്കാരിയായിരുന്നു സന്ധ്യ. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നാരോപിച്ച് ഈ സ്ത്രീക്ക് മാധ്യമങ്ങളും ‘കട്ട’ പിന്തുണയാണ് നല്‍കിയിരുന്നത്.
‘പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത ഈ സഹോദരിക്കു അഭിനന്ദങ്ങള്‍, ആശംസകള്‍” ….. എന്നായിരുന്നു, ഷാഫി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അന്നു കുറിച്ചിരുന്നത്. ആ ഷാഫിയാണിപ്പോള്‍ ജോജു ‘എഫക്ടില്‍’ ഒന്നും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നത്. ഷാഫി മാത്രമല്ല ആ വീട്ടമ്മയ്ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി പോത്സാഹിപ്പിച്ച വ്യവസായ പ്രമുഖന്റെ പൊടിപോലും ഇപ്പോള്‍ എവിടെയും കാണാനില്ലന്നതാണ് യാഥാര്‍ത്ഥ്യം. നടന്‍ ജോജുവിന് ക്യാഷ് അവാര്‍ഡ് നല്‍കുന്നില്ലേ എന്ന പരിഹാസ ചോദ്യം ഈ വ്യവസായിയും ഇപ്പോള്‍ നേരിടുന്നുണ്ട്. സന്ധ്യയ്ക്ക് സല്യൂട്ട് നല്‍കിയത് പോലെ ജോജുവിന് സല്യൂട്ട് ഇല്ലേ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
ഇത്രയും കടുപ്പമേറിയ ഒരു പ്രതിഷേധം കോണ്‍ഗ്രസ്സിനു നേരിടേണ്ടി വന്നിരിക്കുന്നത് അവരുടെ അവസരവാദ നിലപാടു കൊണ്ടു തന്നെയാണ്. മുന്‍കാല പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് അവിടെ തന്നെ കാണുമെന്നത് അവര്‍ ഓര്‍ക്കണമായിരുന്നു. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ എന്തിനും ഉത്തരം ഗൂഗിള്‍ ഒന്നു തിരഞ്ഞാല്‍ ഏതു കൊച്ചു കുട്ടിക്കും ലഭിക്കുന്ന കാലം കൂടിയാണിത്.
ഇന്ധനവില വര്‍ദ്ധനവ് അടിക്കടി ഉണ്ടാകാന്‍ തന്നെ കാരണം കോണ്‍ഗ്രസ്സാണ്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തെടുത്ത തല തിരിഞ്ഞ നയമാണ് ഇതിനു പ്രധാന കാരണം. ആ ‘നയം’ മോദി സര്‍ക്കാറും തിരുത്താത്തതിനാലാണ് എണ്ണ കമ്പനികള്‍ തോന്നും പോലെ വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം പുതിയ തലമുറക്കും അറിവുള്ള കാര്യമാണ്. അതു കൊണ്ടു തന്നെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. വഴിതടയല്‍ സമരം പ്രഹസനമാണെന്ന വിലയിരുത്തല്‍ രാഷ്ട്രീയ നിരീക്ഷകരും പങ്കുവയ്ച്ചിട്ടുണ്ട്. ഇതും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്.
ഇന്ധന വര്‍ധനവിനെതിരേ നവംബര്‍ ഒന്നിനു രാവിലെ വൈറ്റിലയിലായിരുന്നു കോണ്‍ഗ്രസ്സിന്റെ സമരം അരങ്ങേറിയിരുന്നത്. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് നടത്തിയ ഈ സമരത്തില്‍ പെട്ടുപോയത് അനവധി പേരാണ്. വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടിരുന്നത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ ഉള്‍പ്പെടെ നടുറോഡില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. ഗതാഗതക്കുരുക്കില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജ് വാഹനത്തില്‍നിന്നിറങ്ങി സമരക്കാരോട് പ്രതിഷേധിച്ചതോടെ സമരത്തിന്റെ ഗതി തന്നെ മാറുകയാണുണ്ടായത്. അതോടെയാണ്, നടന്റെ വാഹനവും ആക്രമിക്കപ്പെട്ടിരുന്നത്.
ഈ സംഭവത്തോടെ കോണ്‍ഗ്രസ്സിന്റെ ‘മുഖം’ തന്നെയാണ് നഷ്ടമായിരിക്കുന്നത്. അതേസമയം, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിചാരിച്ചിട്ട് നടക്കാത്തതും ഇപ്പോള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരം ശക്തമാണ്. സ്വന്തം തട്ടകത്തില്‍ തന്നെ രൂക്ഷമായ എതിര്‍പ്പാണ് സതീശന്‍ നേരിടുന്നത്. കെ.സുധാകരനെതിരെ പൊതു സമൂഹത്തിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയ കെ.സി വേണുഗോപാലിനു തന്നെ സുധാകരന്റെ നിലപാടിനെ തള്ളിപ്പറയേണ്ട അവസ്ഥയാണ് ജോജു ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഹൈക്കമാന്റ് നിലപാടും ഇക്കാര്യത്തില്‍ സുധാകരന് എതിരാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ ‘പഠിച്ച പണി പതിനെട്ടും ” നോക്കിയിട്ടും നടക്കാതിരുന്ന കാര്യമാണിത്. യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശരിക്കും നന്ദി പറയേണ്ടത് നടന്‍ ജോജു ജോര്‍ജിനോടാണ്. അത്രയ്ക്കും വലിയ പ്രഹരമാണ് അദ്ദേഹമായിട്ട് ഇപ്പോള്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.
EXPRESS KERALA VIEW