ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചതോടെ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് തുറന്നടിച്ച് ശശിതരൂര്‍ എം.പി. പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാനില്ലെന്നും വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വന്നാല്‍ നല്ലതെന്നും ഗാന്ധി കുടുംബത്തിന് താന്‍ എതിരല്ലെന്നും ശശി തരൂര്‍ പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗത്വം ഉള്‍പ്പടെയുള്ള പ്രധാന പദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്നും തരൂര്‍ വ്യക്തമാക്കി.
അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുണ്ടായാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരുപക്ഷേ ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ആയില്ലെങ്കില്‍ പുറത്തുനിന്നുള്ള ഒരാളെ സ്ഥാനം ഏല്‍പ്പിക്കണമെന്നും പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള നേതാവിന്റെ അഭാവം പ്രകടമാണ്. ഇനിയും പാര്‍ട്ടിയില്‍ തുടരുന്നത് എന്തിനാണെന്ന് നേതാക്കള്‍ക്ക് തോന്നരുതെന്നും പ്രവര്‍ത്തകസമിതി ഇതു ഗൗരവമായിക്കണ്ട്, വൈകാതെ പരിഹാരം കാണുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.