ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ്. അത്തരം നിയമനിർമാണത്തെ കോൺഗ്രസ് പൂർണമായും തള്ളുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് നിയമങ്ങൾ എങ്കിലും ഈ നിയമനിർമാണത്തിനായി മാറ്റി എഴുതണം. അത്‌ പാസ്സാക്കി എടുക്കാനുള്ള അംഗബലം ബിജെപിക്കില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സനാതന ധർമ വിവാദത്തിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കി. എല്ലാ മതങ്ങൾക്കും ഒരേ ബഹുമാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. സനാതന ധർമ വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് എന്നും അതാണെന്നും നേതാക്കള്‍ വ്യക്തമാക്കി. രണ്ടാം ഭാരത് ജോഡോ യാത്ര നടത്താൻ ആലോചിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഇന്ത്യ സഖ്യവുമായി സഹകരിച്ച് പോകണമെന്ന് പുനഃസംഘടിപ്പിക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രവർത്തകസമിതി യോഗത്തിൽ സോണിയാഗാന്ധി സംസ്ഥാനഘടകങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന പ്രവർത്തകസമിതിയിൽ ബിജെപിയിതര പാർട്ടികളുടെ ഐക്യനിര വേണമെന്നതിൽ രണ്ടഭിപ്രായമുണ്ടായില്ല. വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്നായിരുന്നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞത്.

തെലങ്കാനയുടെ അമ്മ, നിങ്ങൾക്ക് ഒരു സംസ്ഥാനം സമ്മാനിച്ച അമ്മ, ഹൈദരാബാദിലേക്ക് തിരികെ വരുന്നുവെന്നാണ് സോണിയാ ഗാന്ധിയെക്കുറിച്ച് ഇന്നലെ പ്രവർത്തകസമിതിക്ക് മുന്നോടിയായി തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞത്. കർണാടക നൽകിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലൂന്നി, തെലങ്കാന പിടിക്കാനും അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനുമുള്ള നീക്കങ്ങളാണ് ഹൈദരാബാദിലെ പ്രവർത്തകസമിതി യോഗത്തിന്റെ അജണ്ട. ഇന്ത്യ മുന്നണി രൂപീകരിക്കപ്പെട്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ പരസ്പര വൈരികളായി മത്സരിച്ച പാർട്ടികളുമായി സഹകരിക്കുന്നതിൽ പല സംസ്ഥാന നേതൃത്വങ്ങൾക്കും വൈമനസ്യമുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയാനും, ചർച്ച ചെയ്യാനുമുള്ള വേദി കൂടിയാണ് കോൺഗ്രസിന് ഈ പ്രവർത്തകസമിതി. സീറ്റ് വിഭജനവും രണ്ട് ദിവസവും ചർച്ചയാകുന്നുണ്ട്.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം എഡിഷൻ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നുണ്ട്. രണ്ടാമത്തെ ദിവസത്തെ പ്രവർത്തകസമിതിയിൽ പിസിസി അധ്യക്ഷൻമാരും സിഎൽപി നേതാക്കളും അടക്കം 147 പേരുണ്ടാകും. കേരളത്തിൽ നിന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ സുധാകരനും യോഗത്തിനെത്തുന്നുണ്ട്. നാളെ പ്രവർത്തകസമിതി യോഗം അവസാനിച്ച ശേഷം ഒരു മെഗാ റാലിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ‘വിജയഭേരി’ എന്ന് പേരിട്ടിരിക്കുന്ന റാലിയിൽ കർണാടകയുടെ മാതൃകയിൽ തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള ആറ് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കപ്പെടും.

Top