പാര്‍ട്ടി വിപ്പ് ലംഘിച്ചു; അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം

ലഖ്നൗ: പാര്‍ട്ടി വിപ്പ് ലംഘിച്ച് പ്രത്യേക നിയസഭാ സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് റായ്ബറേലിയിലെ പാര്‍ട്ടി എംഎല്‍എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനം ബഹിഷ്‌കരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് അദിതി സിങ് പങ്കെടുത്തിരുന്നു.ഇതാണ് പരാതിക്കാധാരം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എംഎല്‍എ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദിതി സിങ് അഭിനന്ദിച്ചിരുന്നു. ലഖ്നൗവില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ശാന്തി യാത്രയില്‍ അദിതി സിങ് പങ്കെടുത്തിരുന്നില്ല. ഒക്ടോബര്‍ 22 മുതല്‍ 24 വരെ നടന്ന പാര്‍ട്ടി പരിശീലന പരിപാടിയില്‍ നിന്നും ഇവര്‍ വിട്ട് നിന്നു. തുടര്‍ന്ന് പാര്‍ട്ടി അയച്ച കാരണം കാണിക്കല്‍ നോട്ടീസിനും അവര്‍ മറുപടി നല്‍കിയിരുന്നില്ല.

Top