‘പ്രാഞ്ചിയേട്ടന്‍’മാരെ വെല്ലും ഇവരുടെ ‘പ്രയോഗങ്ങള്‍’, കോണ്‍ഗ്രസ്സിന്റെ ഗതികേട്

ധികാരവും ആളാകലും എല്ലാം കോണ്‍ഗ്രസ്സ് നേതാക്കളെ സംബന്ധിച്ച് അവരെ മയക്കുന്ന ഒരു കറുപ്പ് തന്നെയാണ്. ഇക്കാര്യം ഒരിക്കല്‍ കൂടി തെളിയിക്കുന്ന രണ്ട് സംഭവങ്ങളാണ് രാജ്യത്ത് നിലവില്‍ അരങ്ങേറിയിരിക്കുന്നത്. ഒന്ന് രമേശ് ചെന്നിത്തലയുടെ വകയാണെങ്കില്‍, രണ്ടാമത്തേത് സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുടെ വകയാണ്. കോണ്‍ഗ്രസ്സുകാര്‍ പോലും നാണം കെട്ട് തലകുനിച്ച് പോകുന്ന അഭിപ്രായ പ്രകടനങ്ങളാണ് രണ്ട് നേതാക്കളും നടത്തിയിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ വളരെയധികം മോഹിച്ചെന്നും ഇനിയും പ്രതീക്ഷ ഉണ്ടെന്നുമാണ് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിനായി വീണ്ടും വീണ്ടും മല്‍സരിക്കുമെന്നും ഒരു ഉളുപ്പുമില്ലാതെയാണ് ചെന്നിത്തല മൊഴിഞ്ഞത്. മുഖ്യമന്ത്രി കസേര സ്വന്തമാക്കാന്‍ അവസാനംവരെ പോരാടുമെന്ന ചെന്നിത്തലയുടെ പ്രതികരണത്തെ അത്ഭുതത്തോടെയാണ് രാഷ്ട്രീയ കേരളവും ഇപ്പോള്‍ നോക്കിക്കാണുന്നത്.

സാധാരണ ഗതിയില്‍ മനസ്സിലിരിപ്പ് എന്തായാലും അത് ഒരു രാഷ്ട്രീയ നേതാവും തുറന്നുപറയാറില്ല. അധികാര മോഹി എന്ന് ചിത്രീകരിക്കപ്പെട്ടാല്‍ പൊടിപോലും കാണില്ലെന്ന ബോധമാണ് ഇതിനു കാരണം. ഇവിടെയാണ് ചെന്നിത്തല വ്യത്യസ്തനായിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ തന്നെയാണ് ലക്ഷ്യമെന്ന് തുറന്നു പറയുക വഴി കോണ്‍ഗ്രസ്സില്‍ പുതിയ പോര്‍മുഖം കൂടിയാണ് അദ്ദേഹം തുറന്നിരിക്കുന്നത്. ഇതേ മോഹവുമായി മുന്നോട്ട് പോകുന്ന വി.ഡി സതീശന്‍, കെ.സുധാകരന്‍, കെ.സി വേണുഗോപാല്‍ എന്നിവരെയാണ് യഥാര്‍ത്ഥത്തില്‍ ചെന്നിത്തല ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്.

സ്വന്തം മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയില്‍, ‘വിഡ്ഢിത്തം വിളമ്പി’ എന്ന രൂപത്തില്‍ മാത്രം ചെന്നിത്തലയുടെ ഈ പരാമര്‍ശത്തെ വിലയിരുത്താന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് തന്നെയാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ തുറന്നു പറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന ബോധമാണ് ചെന്നിത്തലയെ നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ അപചയമാണിത്. സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് ഏറ്റ ഒന്നാം തരം പ്രഹരം എന്നു തന്നെ വിശേഷിപ്പിക്കാം.

കേരളത്തിലെ പ്രകടനം ഇതാണെങ്കില്‍ ഡല്‍ഹിയിലും കാര്യങ്ങളും ദയനീയം തന്നെയാണ്. അവിടെ സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ്സിന് അപമാനമായി മാറിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ധൈര്യത്തിന് മുന്നില്‍ യു.പി പൊലീസ് മുട്ടുകുത്തിയെന്ന വീരവാദമാണ് രാഹുല്‍ പരസ്യമായി മുഴക്കിയിരിക്കുന്നത്. യു.പിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് യാത്ര തിരിച്ച പ്രിയങ്കാ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രിയങ്ക പ്രതികരിച്ച രീതിയാണ് രാഹുലിനെ ആവേശം കൊള്ളിച്ചിരിക്കുന്നത്.

നീ ഒരിക്കലും പിന്മാറില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ അമ്പരന്നു. നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തില്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് വിജയം നേടിക്കൊടുക്കണമെന്നും പ്രിയങ്കയോട് രാഹുല്‍ ആവശ്യപ്പെടുകയുണ്ടായി. സ്വന്തം സഹോദരിയെ പ്രമോട്ട് ചെയ്യുന്ന സഹോദരന്‍ എന്ന രൂപത്തിലേക്കാണ് രാഹുല്‍ ഇവിടെ തരം താണിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റ് നല്‍കുന്ന സന്ദേശവും അതു തന്നെയാണ്. വ്യക്തി കേന്ദ്രീകൃതമായ ഇത്തരം രാഷ്ട്രിയംകൊണ്ട് പുതിയ കാലത്ത് നേട്ടമുണ്ടാക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ്സിന് കഴിയുകയില്ല. ഇതാണ് ചെന്നിത്തലയും രാഹുലും എല്ലാം മനസ്സിലാക്കേണ്ടത്.

സംഘടന എന്ന രൂപത്തില്‍ പരിശോധിച്ചാല്‍ വലിയ പൂജ്യമാണ് ഇന്ന് കോണ്‍ഗ്രസ്സ്. ഈ യാഥാര്‍ത്ഥ്യം ഹൈക്കമാന്റും തിരിച്ചറിയണം. യു.പിയില്‍ പ്രിയങ്കയുടെ ‘ചെപ്പടി’ വിദ്യകൊണ്ടൊന്നും കോണ്‍ഗ്രസ്സ് വിജയിക്കാന്‍ പോകുന്നില്ല. അവിടെ അട്ടിമറി നടക്കുകയാണെങ്കില്‍ അത് സമാജ് വാദി പാര്‍ട്ടിക്കാണ് അനുകൂലമാകുക. കര്‍ഷകരുടെ രക്തം തെരുവില്‍ പൊടിയുമ്പോള്‍ കാഴ്ചക്കാരായാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നോക്കി നിന്നിരുന്നത്. കര്‍ഷകര്‍ക്കു വേണ്ടി എന്ത് സമരമാണ് കോണ്‍ഗ്രസ്സ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത് എന്ന ചോദ്യവും പ്രസക്തമാണ്. ഈ ചോദ്യത്തിന് രാഹുല്‍ ഗാന്ധിക്കു പോലും ഉത്തരമുണ്ടാവുകയില്ല. വെയില്‍ കൊള്ളാനും അടി കൊള്ളാനും ഒന്നും ഒരു കോണ്‍ഗ്രസ്സുകാരനും തയ്യാറാകില്ല. എ.സി റൂമില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് തന്നെ ഖദര്‍ധാരികളെ സംബന്ധിച്ച് അലര്‍ജിയാണ്. ഇത്തരക്കാര്‍ മുതലെടുപ്പിന് വേണ്ടി മാത്രമാണ് കളത്തിലിറങ്ങുന്നത്. ഇതെല്ലാം തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട് എന്നതും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

വിശ്വാസം, അത് രാഷ്ട്രീയത്തിലും ഏറെ പ്രധാനമാണ്. അതാണിപ്പോള്‍ കോണ്‍ഗ്രസ്സിനും നഷ്ടമായിരിക്കുന്നത്. ഖദര്‍ കാവിയണഞ്ഞത് കൊണ്ടു മാത്രമാണ് കര്‍ണ്ണാടക, ഗോവ, മധ്യപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടിരിക്കുന്നത്. വിജയിപ്പിച്ച പാര്‍ട്ടിയേക്കാള്‍ ലഭിക്കുന്ന അധികാരവും പണവുമാണ് കൂറുമാറ്റക്കാരെ സ്വാധീനിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് വിശ്വസിച്ച് ജനങ്ങള്‍ വോട്ടു ചെയ്യുക എന്നതും കോണ്‍ഗ്രസ്സ് നേതൃത്വം ചിന്തിക്കണം. ഈ ഇമേജ് മാറ്റണമെങ്കില്‍ ആദ്യം തിരുത്തേണ്ടത് നേതാക്കളാണ്. അതിനു തയ്യാറാകാതെ സഹോദരിയെ സഹോദരന്‍ പുകഴ്ത്തിയതുകൊണ്ടു മാത്രം ഒന്നും സംഭവിക്കുകയില്ല. അവിടെയും കോണ്‍ഗ്രസ്സ് തന്നെയാണ് നാണം കെടുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ശരിക്കും കണ്ടു പഠിക്കേണ്ടത് സി.പി.എമ്മിനെയാണ്. അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ആവേശകരമാണ്. കര്‍ഷക സമരത്തില്‍ സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സി.പി.എമ്മിന് ഒരു സ്വാധീനവും ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ഭരണകൂടത്തെ വിറപ്പിക്കാന്‍ കിസാന്‍ സഭക്ക് കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ബുദ്ധി കേന്ദ്രവും കിസാന്‍ സഭാ നേതൃത്വമാണ്. തെരുവില്‍ കര്‍ഷകര്‍ക്കൊപ്പം അന്തിയുറങ്ങിയാണ് കിസാന്‍സഭ നേതാക്കള്‍ സമരം നയിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ കര്‍ഷക സംഘടനയുടെ പൊടി പോലും ഇവിടെ എവിടെയും കാണാനില്ല. അത് എന്തു കൊണ്ടാണ് എന്ന് തിരിച്ചറിയാതെ ട്വിറ്ററിലൂടെ ‘വിപ്ലവം’ നടത്താന്‍ ശ്രമിച്ചാല്‍ രാഹുലിന്റെ ഉള്ള ഇമേജ് കൂടിയാണ് നഷ്ടമാവുക. അതും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top