കർണ്ണാടകയിൽ പ്രതിപക്ഷ ഐക്യത്തിന് കരുത്ത് പകർന്ന് കോണ്‍ഗ്രസ്

ബെംഗളൂരു : കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസംഗമത്തിന്റെ വേദി കൂടിയായി. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ചപ്പോള്‍, അനാരോഗ്യം പോലും അവഗണിച്ച് എന്‍സിപി മേധാവി ശരദ് പവാര്‍ വേദിയില്‍ ആദ്യാവസാനം നിറഞ്ഞുനിന്നു. സിപിഎം, സിപിഐ ദേശീയ ജനറല്‍ െസക്രട്ടറിമാരും ചടങ്ങിനെത്തിയതോടെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും.

2018ല്‍ കോണ്‍ഗ്രസ്–ജനതാദള്‍ സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി വിധാന്‍ സൗധയുടെ പുല്‍ത്തകിടിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയിലാണു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഇതുപോലെ ഒന്നിച്ച് തോളോടുതോള്‍ ചേര്‍ന്നുനിന്നത്. 5 വര്‍ഷത്തിനിപ്പുറം പ്രതിപക്ഷ ഐക്യമെന്ന ആശയത്തിന് ഊടുംപാവും നല്‍കുന്നതായി സിദ്ധരാമയ്യ സര്‍ക്കാരിന്റെ സ്ഥാനാരോഹണ വേദി. അനാരോഗ്യം കാരണം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി എത്താതിരുന്ന ചടങ്ങില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിറഞ്ഞുനിന്നു.

എന്‍സിപി മേധാവി ശരദ് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, സുഖ്‌വീന്ദര്‍ സിങ് സുഖു, ഭൂപേഷ് ഭാഗേല്‍, നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ തുടങ്ങിയവര്‍ വേദി പങ്കിട്ടതു ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും.

ഓരോ നേതാക്കളുടെയും പേരെടുത്തു പറഞ്ഞാണു രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. ‘ബിജെപിക്ക് പണത്തിന്റെയും അധികാരത്തിന്റെയും സകല ശക്തിയുമുണ്ടായിരുന്നു. എന്നിട്ടും കര്‍ണാടകയിലെ ജനങ്ങള്‍ വിവേകപൂര്‍വം കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തു’ എന്നു പറഞ്ഞ രാഹുല്‍, ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സൂചനയും നല്‍കി.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ സിപിഎം കടുത്ത വിമര്‍ശനം ഉന്നയിച്ചെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയും ചടങ്ങിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. ഇരുവരും രാഹുല്‍ ഗാന്ധിയുടെ ഇരുവശങ്ങളിലും നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ സൂചനയായി.

Top