ഡല്‍ഹി: രാജ്യത്തെ ആദ്യ ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ക്ക് ‘നമോ ഭാരത്’ എന്ന് പേരിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പോസ്റ്റില്‍ പ്രതികരിച്ചത്.
അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രിയുടെ പേരിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോള്‍വീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല എന്ന് ജയറാം രമേശ് കുറിച്ചു. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പരിഹസിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത പദ്ധതിയായ നമോ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി പറഞ്ഞു. ട്രെയിനില്‍ മോദി യാത്രയും ചെയ്തു. 82 കിമീ ദൂരമുള്ള ദില്ലി – മീറ്ററ് പദ്ധതിയുടെ നിലവില്‍ പണിപൂര്‍ത്തിയായ 17 കിലോമീറ്ററാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം അഥവാ ആര്‍ആര്‍ടിഎസ് രാജ്യത്ത് ആദ്യത്തേതാണ്.