കേരളത്തിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ തന്ത്രപരമായ നീക്കവുമായി കോൺഗ്രസ്സ് നേതൃത്വം. കർണ്ണാട തിരഞ്ഞെടുപ്പ് നൽകിയ ആവേശം കെടും മുൻപു തന്നെ പുന:സംഘടന പൂർത്തിയാക്കണമെന്ന കെ.പി.സി.സി അദ്ധ്യക്ഷന്റെ നിപാടിന് അനുകൂലമായി ഹൈക്കമാന്റും തീരുമാനം കൈ കൊള്ളുമെന്നാണ് ലഭിക്കുന്ന വിവരം ഇതു സംബന്ധമായി കോൺഗ്രസ്സിലെ എ – ഐ വിഭാഗങ്ങൾക്ക് ശക്തമായ നിർദ്ദേശം നൽകാനും ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അടുത്ത തവണ കൂടി ഭരണം ലഭിച്ചില്ലങ്കിൽ ഇനി ഒരിക്കലും ഭരണം ലഭിക്കില്ല എന്നു തിരിച്ചറിയുന്ന കേരളത്തിലെ നേതാക്കൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ എന്തു വിട്ടുവീഴ്ചക്കും തയ്യാറായേക്കും.
ലോകസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ മത്സരിപ്പിച്ച് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ പറ്റുമോ എന്നാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്. ഇതോടൊപ്പം തന്നെ ഉത്തരേന്ത്യയിലെ ഒരു സീറ്റിലും രാഹുൽ ഗാന്ധി മത്സരിച്ചേക്കും. പ്രിയങ്ക ഗാന്ധിയെ യു.പിയിൽ നിന്നും മത്സരിപ്പിക്കാനാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്. അത് മിക്കവാറും സോണിയ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ റായ്ബറലി ആവാനാണ് സാധ്യത. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് സംസ്ഥാനങ്ങളാണ്. ഇതിൽ രാജസ്ഥാനും ചത്തീസ്ഗഢും നിലവിൽ ഭരിക്കുന്നത് കോൺഗ്രസ്സാണ്.
രാജസ്ഥാൻ പാർട്ടിയിലെ ഇപ്പോഴത്തെ ഭിന്നതമൂലം ആ സംസ്ഥാന ഭരണം നഷ്ടമായാൽ പോലും ചത്തീസ്ഗഢിൽ വിജയിക്കാനും മധ്യപദേശ് ബി ജെ.പിയിൽ നിന്നും പിടിച്ചെടുക്കാനും കഴിയുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും കോൺഗ്രസ്സാണ് വിജയിച്ചതെങ്കിലും ഓപ്പറേഷൻ താമരയിലൂടെ പിന്നീട് എം.എൽ.എമാരെ പിളർത്തി ബി.ജെ.പി ഭരണം പിടിക്കുകയാണ് ഉണ്ടായത്. കർണ്ണാടകയിൽ നടത്തിയ രൂപത്തിലുളള പ്രവർത്തനം തന്നെയാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് പയറ്റാൻ പോകുന്നത്. ഇതിനായി കോൺഗ്രസ്സിന്റെ പി.ആർ ടീം ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ ദൗത്യം പൂർത്തിയാക്കിയ ശേഷം ഈ ടീം കേരളത്തിൽ ലാൻഡ് ചെയ്യും.
ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ ഏക തുരുത്തു തകർത്തത് തങ്ങളാണെന്ന അവകാശവാദവുമായി കേരളത്തിൽ കളം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുക. ഒറ്റയ്ക്ക് അതിനുള്ള ശേഷി ഇല്ലാത്തതിനാൽ യു.ഡി.എഫിന്റെ കരുത്ത് കൂട്ടുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. മുസ്ലീംലീഗിനെ യു.ഡി.എഫിൽ ഉറപ്പിച്ചു നിർത്തുന്നതിനൊപ്പം കേരള കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരാനും കോൺഗ്രസ്സ് ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള നീക്കങ്ങൾ ഇതിനകം തന്നെ നേതൃത്വം തുടങ്ങിയിട്ടുമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗിനും കേരള കോൺഗ്രസ്സിനും ഉപമുഖ്യമന്ത്രി പദംവരെ നൽകാൻ കോൺഗ്രസ്സ് തയ്യാറാണെന്നാണ് നേതൃത്വം നൽകുന്ന സൂചന. അതായത്, ഭരണം തിരിച്ചു പിടിക്കാൻ എന്തു വിട്ടുവീഴ്ചക്കും കോൺഗ്രസ്സ് തയ്യാറാണെന്നതു വ്യക്തം.
ലീഗ് ഇടതുപക്ഷത്തേക്ക് പോകുന്നതു തടയാനും കേരള കോൺഗ്രസ്സിനെ ആകർഷിക്കാനുമാണ് ഇത്തരമൊരു മോഹന വാഗ്ദാനം കോൺഗ്രസ്സ് മുന്നോട്ടു വയ്ക്കാൻ പോകുന്നത്. കേരള കോൺഗ്രസ്സിന് ഉപമുഖ്യമന്ത്രി പദമല്ലങ്കിൽ രണ്ടു മന്ത്രിസ്ഥാനം വരെ നൽകാമെന്ന മറ്റൊരു ഓപ്ഷനും കോൺഗ്രസ്സ് ഹൈക്കമാന്റിനുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിൽ ഏതെങ്കിലും തരത്തിൽ ഭിന്നത ഉയരുമെന്നും ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നില്ല. എങ്ങനെ ആയാലും അടുത്ത തവണ ഭരണം പിടിച്ചാൽ മതിയെന്ന മാനസികാവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ മാറിയിട്ടുണ്ട്.
രഹസ്യമായി ബി.ജെ.പിയോട് താൽപ്പര്യം പ്രകടിപ്പിച്ച കോൺഗ്രസ്സ് നേതാക്കൾ പോലും കർണ്ണാടകയിലെ വിജയത്തോടെ ഈ നീക്കത്തിൽ നിന്നും പിറകോട്ട് പോയിട്ടുണ്ട്. യു.ഡി.എഫ് ശക്തമാകണമെങ്കിൽ കേരള കോൺഗ്രസ്സിനെ യു.ഡി.എഫിൽ എത്തിക്കണമെന്ന ആവശ്യം മുസ്ലിം ലീഗിലെ ഒരു വിഭാഗവും മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചില ചർച്ചകൾ നടക്കുന്നുണ്ട് എന്ന സൂചന കെ.സുധാകരനും ഇതിനകം തന്നെ നൽകിയിട്ടുണ്ട്. മുന്നണി മാറ്റം കേരള കോൺഗ്രസ്സിന്റെ അജണ്ടയിൽ ഇല്ലന്നു ജോസ് കെ മാണി തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഈ നിലപാട് മാറുമെന്നു തന്നെയാണ് കോൺഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
ലീഗ് യു.ഡി.എഫിൽ ഉറച്ചു നിൽക്കുകയും കേരള കോൺഗ്രസ്സ് മുന്നണിയിൽ തിരികെ എത്തുകയും ചെയ്താൽ ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടു കേന്ദ്രീകരണം യു.ഡി.എഫിനു അനുകൂലമായി പഴയപോലെ കേന്ദ്രികരിക്കപ്പെടുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്സിനോട് ഇടഞ്ഞു നിൽക്കുന്ന വിവിധ ജാതി -മത സംഘടനകളെ ഒപ്പം നിർത്താൻ വേണ്ടി ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കാനും കോൺഗ്രസ്സിനു പദ്ധതിയുണ്ട്. കർണ്ണാടകയിൽ ഭരണം തിരിച്ചു പിടിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല ജാതി സംഘടനകളും കോൺഗ്രസ്സിനെ സഹായിച്ചിട്ടുണ്ട്.
കേരളത്തിൽ ശക്തമായ യു.ഡി.എഫ് – എൽ.ഡി.എഫ് ഏറ്റുമുട്ടൽ വരുന്നതോടെ ബി.ജെ.പി അപ്രസക്തമാകുമെന്നു തന്നെയാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. സർവ്വശക്തിയും സമാഹരിച്ച് കേരള ഭരണം തിരിച്ചു പിടിക്കുക എന്ന ഒറ്റ അജണ്ട മുൻ നിർത്തി കോൺഗ്രസ്സ് മുന്നോട്ടു പോയാൽ തീ പാറുന്ന മത്സരമാണ് കേരളത്തിൽ അടുത്ത തവണ നടക്കുക. അക്കാര്യത്തിൽ എന്തായാലും സംശയമില്ല. ലോകസഭ തിരഞ്ഞെടുപ്പിൽ പത്തിൽ കൂടുതൽ സീറ്റുകൾ പിടിച്ചാൽ പോലും ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിനു കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
EXPRESS KERALA VIEW