കലാപത്തിന്റെ കാരണക്കാര്‍ കോണ്‍ഗ്രസ്, സത്യത്തിന് വേണ്ടി പോരാടാന്‍ മടിയില്ല

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാന്‍ മോദി സര്‍ക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. അതിനിടെ ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. വടക്കുകിഴക്കന്‍ ദില്ലിയില്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും തുടരുകയാണ്. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞയില്‍ ഇളവ് നല്‍കിയിരിക്കുകയാണ്.

അതേ സമയം കലാപത്തില്‍ പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എകെ ആന്റണി, പി ചിദംബരം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. ക്രമസമാധാനം നിയന്ത്രിക്കാന്‍ കഴിയാത്ത ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘം അഭ്യര്‍ത്ഥിച്ചു.

Top