സിദ്ധരാമയ്യയ്ക്ക് കോലാറിൽ സീറ്റില്ല; കോൺഗ്രസ് മൂന്നാം സ്ഥാനാർത്ഥി പട്ടിക പുറത്ത്

ബെംഗളുരു : കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിം​ഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല. കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന സർപ്രൈസ്. 43 സ്ഥാനാർഥികളെയാണ് മൂന്നാം പട്ടികയിൽ പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി. കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്.

സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടർ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ബിജെപിയിലെ പാളയത്തിൽ പട വോട്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സാവഡി അടക്കമുള്ള നേതാക്കളെ തങ്ങൾക്കൊപ്പം നിർത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടെ ഇനി വരുന്ന പ്രഖ്യാപനത്തിൽ വലിയ സർപ്രൈസുകളുണ്ടാകുമെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ജയിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന തർക്കമാണ് കർണാടക കോൺഗ്രസിൽ നിലനിന്നിരുന്നത്. സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും മുഖ്യമന്ത്രി കസേരയിൽ നോട്ടമുണ്ട്. സിദ്ധരാമയ്യ ഇത് സമ്മതിച്ചിട്ടുമുണ്ട്. കോലാറിൽ സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലുള്ള തർക്കത്തിൽ തട്ടിയാണ് രാഹുൽ പങ്കെടുക്കുന്ന പരിപാടി പലതവണയായി മാറ്റി വച്ചത്.

Top